കൊടുമൺ (പത്തനംതിട്ട): മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വേണ്ടി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതിമാറ്റിയെന്ന് കോൺഗ്രസ് ആരോപണം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന് മുന്നിലെ ഓട നിർമാണത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതേതുടർന്ന് ഇന്നലെ ഉച്ചയോടെ ഓട നിർമാണം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് കൊടികുത്തി.
സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, എ.ജി. ശ്രീകുമാർ അടക്കം ഏഴ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊടുമൺ പഞ്ചായത്തിൽ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ് കൈയേറി ഓട നിർമിക്കുന്നത് ജോർജ് ജോസഫിന്റെ കടമുറികൾ സംരക്ഷിക്കാനെന്നാണ് കോൺഗ്രസ് ആരോപണം. ഓട നിർമാണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ മുതൽ കോൺഗ്രസ് പ്രവർത്തകരുമായി തർക്കമായിരുന്നു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു നേരിട്ട് സ്ഥലത്തെത്തി റോഡ് കൈയേറിയുള്ള ഓട പണിക്ക് നിർദേശം കൊടുത്തതാണ് തർക്കത്തിന് ഇടയാക്കിയത്.
ഇതറിഞ്ഞ് സി.പി.എം ഭരണത്തിലുള്ള പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശ്രീധരൻ എത്തി പണികൾ തടയുകയും ചെയ്തു. പുറമ്പോക്ക് ഭൂമിയിൽ കൈയേറ്റമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നേരത്തെ, പഞ്ചായത്ത് തലത്തിൽ പൊതുമരാമത്ത് വകുപ്പ് ഉഗ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം കൂടി തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ പണി നടന്നത്.
അതേസമയം, ആരോപണത്തിനെതിരെ മന്ത്രി വീണ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് രംഗത്തെത്തി. റോഡ് പുറമ്പോക്ക് കൈയേറിയിട്ടില്ലെന്നും കെട്ടിടം നിർമാണത്തിന് മുമ്പാണ് റോഡ് അലൈൻമെന്റ് നടത്തിയതെന്നും ജോർജ് ജോസഫ് പറഞ്ഞു. വികസനത്തിനായി സ്ഥലംവിട്ടുനൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്ന ഏഴംകുളം -കൈപ്പട്ടൂർ റോഡ് പണിയിൽ അപാകതയെന്ന് പരാതി ഉയർന്നിട്ടുണ്ട്. പലഭാഗത്തും വീതി കുറഞ്ഞുവെന്നാണ് ആക്ഷേപം. 43 കോടി രൂപ മുടക്കി 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഒമ്പത് മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്. എന്നാൽ, പലയിടത്തും റോഡിന്റെ അലൈൻമെൻറ് മാറ്റുന്നതായാണ് പരാതി. പാലങ്ങളുടെയും ഓടകളുടെയും നിർമാണം ശാസ്ത്രീയമല്ലെന്ന് നാട്ടുകാർ പറയുന്നു.
കൊടുമൺ ജങ്ഷൻ, സ്റ്റേഡിയം ഭാഗം, ചന്ദനപ്പള്ളി ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിൽ വീതി കുറവാണന്ന് ആക്ഷേപമുണ്ട്. ഇത് സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാൻ വേണ്ടിയാണന്നാണ് പരാതി. ഭരണകക്ഷി നേതാക്കളും ഇതിനായി ഇടപെട്ടിട്ടുണ്ട്. പുറമ്പോക്ക് ഭൂമി ഉണ്ടായിട്ടും അത് റോഡിനോട് ചേർക്കാതെ കൈയേറ്റക്കാർക്ക് വിട്ടുകൊടുക്കുന്ന സമീപനമാണുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷൻ മുതൽ ഇപ്പോഴത്തെ പൊലീസ് സ്റ്റേഷന്റെ മുൻവശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതിട്ടുള്ളത്.
വാഴവിള പാലം മുതൽ പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷൻ വരെയുള്ള നിർമാണത്തിലെ അപാകത പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സ്റ്റേഡിയം ഭാഗത്ത് വീതി തീരെയില്ല. പഴയ പൊലീസ് സ്റ്റേഷൻ, വാഴവിള എന്നിവിടങ്ങളിൽ പുതിയ പാലങ്ങൾ പണിതു. എന്നാൽ, പാലത്തിന്റെ അടിയിലൂടെ പോകുന്ന കൂറ്റൻ ജലവിതരണ പൈപ്പുകൾ മഴക്കാലത്ത് തോട്ടിലെ ജലമൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. പൈപ്പുകൾ ഉയർത്തി വെക്കണമെന്നാവശ്യമാണ് വ്യാപാരികൾക്കുള്ളത്. പഴയ പൊലീസ് സ്റ്റേഷൻ ജങ്ഷനിലെ ആൽമരം റോഡ് വികസനത്തിന്റെ ഭാഗമായാണ് മുറിച്ചുമാറ്റിയത്.
എന്നാൽ, ടാറിടുന്ന ഭാഗവും ഓടയും കഴിഞ്ഞ് മാറിനിന്ന ആൽമരം മുറിച്ചു കളഞ്ഞത് നാട്ടുകാരുടെ വിമർശനത്തിന് ഇടയാക്കി. ഓട എടുത്തപ്പോൾ ആൽമരത്തിന്റെ കുറ്റി പിഴുത് മാറ്റിയിട്ടില്ല. ഓട പണിതിരിക്കുന്നതും അശാസ്ത്രീയമായാണ്. കൈയേറ്റഭൂമി തിരിച്ചു പിടിച്ച് ശാസ്ത്രീയമായി റോഡ് വികസനം നടത്തണമെന്ന് നാട്ടുകാർ പറയുന്നു. ഇടത്തിട്ട മുതൽ ചന്ദനപ്പള്ളി ജങ്ഷൻ വരെ പലഭാഗത്തും ഓട പണിതിട്ടില്ല. വേനൽമഴയിലെ കുത്തൊഴുക്കിൽ റോഡ് കവിഞ്ഞാണ് വെള്ളം ഒഴുകിയത്. റോഡ് ഉയർത്തിയാലും ഇതുതന്നെയാകും സംഭവിക്കുക. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.