പ്രവാസിയുടെ കാറിന് ഡ്രൈവറായി വന്നയാൾ 1.15 ലക്ഷവുമായി കടന്നു; മണിക്കൂറുകൾക്കകം പിടിയിൽ

ഹരിപ്പാട്: പ്രവാസിയുടെ കാറിന്റെ ഡ്രൈവറായി വന്ന ആൾ 1,15,000 രൂപയുമായി കടന്നു. പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര ദേശത്ത് ശരവണം വീട്ടിൽ കെ ഹരികൃഷ്ണൻ (49)നെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. എറണാകുളം ആലുവ ചൂർണിക്കര ഉജ്ജയിനി വീട്ടിൽ ഉണ്ണികൃഷ്ണപിള്ളയുടെ കാർ ഓടിക്കാനായി ഏജൻസി മുഖേന എറണാകുളത്തു നിന്നും ഡ്രൈവർ ആയി എത്തിയ ഹരികൃഷ്ണൻ പ്രവാസിയെയും ഭാര്യയെയും കരിയിലക്കുളങ്ങരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ എത്തിച്ച ശേഷമാണ് പണവുമായി കടന്നു കളഞ്ഞത്.

സുഹൃത്തിന്റെ വീട്ടിൽ എത്തിയശേഷം വീട്ടുകാർ ഭക്ഷണം കഴിക്കാനായി പോയപ്പോൾ ഡ്രൈവറെയും വിളിച്ചു. തനിക്ക് ഭക്ഷണം വേണ്ട എന്ന് പറഞ്ഞു ഹരികൃഷ്ണൻ വീടിന്റെ വെളിയിൽ തന്നെ നിൽക്കുകയായിരുന്നു. ആഹാരം കഴിച്ചു വീട്ടുകാർ വെളിയിൽ വന്നപ്പോൾ ഡ്രൈവറെ കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കാറിന്റെ പിൻ സീറ്റിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയ വിവരം അറിയുന്നത്.

ഉടൻതന്നെ കരിയില കുളങ്ങര പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് ഹരികൃഷ്ണന്റെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് എറണാകുളത്തുള്ള ഏജൻസിയിൽ അന്വേഷിച്ചപ്പോൾ അവിടെ നിന്നും ഹരികൃഷ്ണന്റെ ബാഗ് സുഹൃത്ത് രതീഷ് വന്ന് വാങ്ങിയതായി അറിയാൻ കഴിഞ്ഞു. സുഹൃത്തുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ കുമരകത്തെത്തി ബാഗ് ഹരികൃഷ്ണന് കൊടുത്തതായും കായംകുളത്തു നിന്നും എത്തിയ എത്തിയോസ് കാറിലാണ് ഹരികൃഷ്ണൻ കുമരകത്തെത്തിയതെന്നും രതീഷ് പൊലീസിനോട് പറഞ്ഞു.

അങ്ങനെ കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ എത്തിയോസ് കാറിനെ കുറിച്ച് അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് കോട്ടയം നാഗമ്പടത്തുള്ള ഫോർസ്റ്റാർ ഹോട്ടലിൽ നിന്നും പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശനുസരണം കായംകുളം ഡി.വൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര എസ്.ഐ കെ. സുനുമോൻ, എസ്.ഐ ഷമ്മി സ്വാമിനാഥൻ, എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ ശ്രീകുമാർ, പ്രദീപ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, മണിക്കുട്ടൻ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Driver arrested for stealing employer's 1.15 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.