കോഴിക്കോട്: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ ഡ്രൈവർക്ക് വീഴ്ചവന്നിട്ടില്ലെന്നും ബസ് സ്റ്റാൻഡിന്റെ നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നും അന്വേഷണ റിപ്പോർട്ട്. ജില്ല ട്രാൻസ്പോർട്ട് ഓഫിസർ (ഡി.ടി.ഒ) കെ.പി. രാധാകൃഷ്ണൻ ട്രാൻസ്പോർട്ട് എം.ഡി ബിജു പ്രഭാകറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ബസ് സ്റ്റാൻഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയത്.
ബംഗളൂരുവിൽനിന്ന് ഓട്ടം കഴിഞ്ഞെത്തിയ ബസ് തിരികെ ഇറക്കുമ്പോഴാണ് തൂണുകൾക്കിടയിൽപെട്ടത്. രണ്ടു തൂണുകൾക്കിടയിൽ ബസ് ചരിച്ചുകയറ്റുക ശ്രമകരമാണ്. നടുക്ക് ബസ് ബേയും ഇരുവശത്തും പാർക്കിങ്ങിനുമുള്ള ഏരിയയാണ്. ബസ് വളച്ച് തൂണുകൾക്കിടയിലേക്ക് കയറ്റുകയാണ് ചെയ്യേണ്ടത്. സ്ഥലം കുറവായതിനാൽ ഇത് ഏറെ ശ്രമകരമാണ്.
കുറഞ്ഞ സ്ഥലത്തിനുള്ളിൽ വളച്ച് കയറ്റിയപ്പോൾ തൂണിനോട് ചേർന്നു പോവുകയായിരുന്നു. അങ്ങനെയാണ് ബസ് പുറത്തെടുക്കാൻ കഴിയാതെ കുടുങ്ങാൻ കാരണം. ഇത് ഡ്രൈവറുടെ ബോധപൂർവമോ ഗുരുതരമോ ആയ വീഴ്ചയല്ല എന്നാണ് ഡി.ടി.ഒ കെ.എസ്.ആർ.ടി.സി എം.ഡിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30ഓടെ ബംഗളൂരുവിൽനിന്ന് ഓട്ടം കഴിഞ്ഞെത്തിയ കെ.എസ്. 015 സ്വിഫ്റ്റ് ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്.
ബസ് രാത്രി എത്തിയശേഷമുള്ള പരിശോധനക്കായി വർക്ക് ഷോപ്പിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ബോധ്യമായത്. രാത്രിതന്നെ പുറത്തെടുക്കാൻ കഴിയാതായതോടെ രാവിലത്തേക്ക് മാറ്റുകയായിരുന്നുവെന്നും ഡി.ടി.ഒ റിപ്പോർട്ടിൽ പറയുന്നു. തൂണുകൾക്ക് ചുറ്റും സ്ഥാപിച്ച ഇരുമ്പ് വളയങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയ ശേഷമാണ് 15 മണിക്കൂർ കഴിഞ്ഞ് വെള്ളിയാഴ്ച ബസ് പുറത്തെടുക്കാനായത്. ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ ബസുകൾ മിക്കപ്പോഴും തൂണുകൾക്കിടയിൽ ഉരഞ്ഞ് കേടു സംഭവിക്കാറുണ്ടെന്നും അശാസ്ത്രീയമായ നിർമാണം കാരണം പുതുതലമുറ ബസുകൾ ഏറെ പണിപ്പെട്ടാണ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുന്നതെന്നും ഡ്രൈവറെ കുറ്റക്കാരനാക്കിയാൽ തീരുന്ന പ്രശ്നമല്ലിതെന്നും ഡി.ടി.ഒ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.