ഡ്രൈവർ യദു, ആര്യ രാജേന്ദ്രൻ, സച്ചിൻദേവ്

മേയർ ആര്യക്കെതിരായ ഡ്രൈവർ യദുവിന്‍റെ ഹരജി തള്ളി; അന്വേഷണത്തിന് കോടതി മേൽനോട്ടം ഉണ്ടാവില്ല

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ കേസ് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്‍റെ ഹരജി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു.

കേസിൽ പ്രതികളായ മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും കോടതി നിർദേശം നൽകി.

അന്വേഷണം വസ്തുനിഷ്ഠവും സത്യസന്ധ്യവുമാകണം, അന്വേഷണത്തിൽ കാലതാമസം പാടില്ല. അന്വേഷണത്തിനുഉള പൂർണ സ്വാതന്ത്ര്യം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെങ്കിലും നിർദേശങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. നിർദേശങ്ങൾ യദുവിന്‍റെ അഭിഭാകൻ അംഗീകരിച്ചതോടെ കോടതി ഹരജി തീർപ്പാക്കി.

മേയര്‍ക്കെതിരെ കന്‍റോണ്‍മെന്‍റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ച യദു തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് യദു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍, ആര്യക്കും എം.എൽ.എ സച്ചിൻദേവിനും കഴിഞ്ഞ ദിവസം പൊലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മേയറും എം.എൽ.എയും മോശം പദപ്രയോഗം നടത്തിയതിനോ ബസിൽ അതിക്രമിച്ചു കയറിയതിനോ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കന്‍റോൺമെന്‍റ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകിയത്. ബസിന്‍റെ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് തുറക്കുന്ന വാതിൽ യദു തന്നെയാണ് തുറന്നു കൊടുത്തതെന്നും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ പാളയത്ത് വെച്ചായിരുന്നു മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ യദു പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എക്കുമെതിരെ കേസെടുത്തത്. കേസിൽ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് ഇതുവരെ കണ്ടെത്താനായിട്ടില്ല.

2024 ഏ​പ്രി​ല്‍ 27ന് ​രാ​ത്രി 10ഓ​ടെ​യാ​ണ് പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ മേ​യ​റും ഭ​ര്‍ത്താ​വും അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ച സ്വ​കാ​ര്യ വാ​ഹ​നം കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ത​ട​യു​ക​യും തു​ട​ർ​ന്ന്​ ഡ്രൈ​വ​റു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​തു​മാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മേ​യ​റെ​യും സ​ഹോ​ദ​ര​ഭാ​ര്യ​യെ​യും ഡ്രൈ​വ​ർ അ​ശ്ലീ​ല ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ച്ചെ​ന്നാ​യി​രു​ന്നു മേ​യ​റു​ടെ പ​രാ​തി.

Tags:    
News Summary - Driver Yadu's petition against Mayor Arya Rajendran rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.