തിരുവനന്തപുരം: മുങ്ങിമരണം ദുരന്ത പട്ടികയിലില്ലാത്തതുമൂലം കേന്ദ്ര-സംസ്ഥാന സഹായം നിർധന കുടുംബങ്ങൾക്കടക്കം ലഭിക്കുന്നില്ല. സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ തോതിൽ വർധിക്കുമ്പോഴും ഇത്തരം മരണങ്ങൾ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്താറില്ല.
ആറുവർഷത്തിനിടെ, യുവാക്കളുൾപ്പെടെ സംസ്ഥാനത്ത് മുങ്ങിമരിച്ചത് 10,451 പേരാണ്. ഇതിൽ 8169 പേർ പല സാഹചര്യങ്ങളിൽ മുങ്ങിമരിച്ചെന്നും 2282 പേർ ആത്മഹത്യചെയ്തെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിരവധി കുടുംബങ്ങളാണ് ഉറ്റവരുടെ മുങ്ങിമരണത്തെ തുടർന്ന് ആശ്രയം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്നത്. അർഹമായ ധനസഹായം കിട്ടണമെന്ന ഇവരുടെ ആവശ്യം അവഗണിക്കപ്പടുന്നു. 2019 ലാണ് കൂടുതൽ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കിൽ എറണാകുളത്തും തൃശൂരുമാണ് ഏറ്റവും കൂടുതൽ മുങ്ങിമരണം. വയനാട്ടിലാണ് കുറവ്.
ഇത്തരം മരണങ്ങളിൽ ഇപ്പോൾ ചെറിയ ധനസഹായമാണ് സർക്കാറിൽ നിന്ന് ലഭിക്കുന്നത്. അത് എം.എൽ.എമാരോ മറ്റ് ജനപ്രതിനിധികളോ നൽകുന്ന അപേക്ഷകൾ പരിഗണിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കുന്ന തുകയിൽ ഒതുങ്ങുന്നു.
മറ്റ് പല സംസ്ഥാനങ്ങളിലും മുങ്ങിമരണങ്ങളിൽ പ്രകൃതിക്ഷോഭങ്ങളിലും മറ്റ് ദുരന്തങ്ങളിലുമൊക്കെ ഇരയാവുന്നവരുടെ ആശ്രിതർക്ക് നൽകുന്നതിന് സമാനമായ നല്ലൊരു തുക സഹായമായി കിട്ടുന്നുണ്ട്. ഒഡിഷയിൽ നാലുലക്ഷംവരെ ധനസഹായം നൽകുന്നു.
എന്നാൽ, സംസ്ഥാനത്തിന് ധനസഹായത്തിനായി ശിപാർശ ചെയ്യാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളൂവെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറാണെന്നുമാണ് ഔദ്യോഗിക വിശദീകരണം. അത്തരം ചുവപ്പുനാടകൾ മാറണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.