ആലപ്പുഴ: കോവിഡ് ബാധിതനായി രോഗക്കിടയിലായപ്പോഴും പ്രിയ സ്നേഹിതന് ജന്മദിന ആശംസകൾ നേരാൻ ധനമന്ത്രി തോമസ് ഐസക് മറന്നില്ല. എറണാകുളം മഹാരാജാസ് കോളജിൽ ഐസക്കിൻെറ സീനിയറായിരുന്നു മമ്മൂട്ടി. താൻ എഴുതിയ പുസ്തകത്തിൻെറ പ്രകാശനച്ചടങ്ങിൽ മമ്മൂട്ടി നടത്തിയ പ്രസംഗവും തോമസ് ഐസക് പങ്കുവെച്ചു.
പ്രസംഗത്തിൽ മമ്മൂട്ടി പറയുന്നതിങ്ങനെ: ''ഞാൻ തോമസ് ഐസക്കിൻെറ സമകാലികനായ വിദ്യാർഥിയാണെന്ന് പറയുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. ഐസക്കിനെപ്പോലുള്ളവർക്ക് നരച്ച താടിയും മുടിയും വളർത്തുന്നത് അവരുടെ കർമമണ്ഡലത്തിൽ വലിയ പ്രയോജനം ചെയ്യും. എന്നാൽ തൻെറ കർമമണ്ഡലത്തിന് അത് യോജിക്കില്ല. അതുകൊണ്ട് തന്നെ മുടിയും താടിയും കറുപ്പിച്ചാണ് ഞാൻ നടക്കുന്നത്''
തോമസ് ഐസക്കിൻെറ ഫേസ്ബുക് പോസ്റ്റിൻെറ പൂർണരൂപം:
ഇന്ന്, പ്രിയസ്നേഹിതനും സഹപാഠിയുമായ മമ്മൂട്ടിയുടെ പിറന്നാളാണ്. എന്താണ് അദ്ദേഹത്തിനൊരു ബെർത്ത്ഡേ ഗിഫ്റ്റ് കൊടുക്കുക? ഞാനാണെങ്കിലിവിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലും. എന്റെ തൊട്ടു സീനിയറായിരുന്നു, എറണാകുളം മഹാരാജാസിൽ. ഓർമ്മകൾ ധാരാളമുണ്ട്.
എന്റെ ഫേസ്ബുക്ക് ഡയറി എന്ന പുസ്തകം മണ്ണഞ്ചേരിയിൽ വെച്ച് അദ്ദേഹമാണ് പ്രകാശനം ചെയ്തത്. പുസ്തകം ഏറ്റുവാങ്ങിയത് ഞങ്ങളിരുവരുടെയും അധ്യാപകനായ പ്രൊഫ. എം കെ സാനുമാഷും. മഹാരാജാസ് ദിനങ്ങളുടെ സ്മരണപെയ്ത മനോഹരമായ സായാഹ്നം. അന്ന് പ്രിയ മമ്മൂട്ടി നടത്തിയ പ്രസംഗം ജന്മദിനോപഹാരമായി അദ്ദേഹത്തിന് സമർപ്പിക്കുന്നു.
പുതിയ കാലത്തെക്കുറിച്ചും അതിന്റെ സംവേദനരീതികളെക്കുറിച്ചും അപ്ഡേറ്റായ മമ്മൂട്ടിയെ ഈ പ്രസംഗത്തിൽ കാണാം. എത്ര അനായാസമായാണ് അദ്ദേഹം മണ്ണഞ്ചേരിയിൽ തിങ്ങിനിറഞ്ഞ സദസിനെ കൈയിലെടുത്തത്....
പ്രിയ സ്നേഹിതൻ മമ്മൂട്ടിയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.