കൊച്ചി: ലഹരി ഉപയോഗം ചോദ്യം ചെയ്ത നാട്ടുകാർക്കുനേരെ സംഘത്തിന്‍റെ പരാക്രമം. കലൂർ എസ്.ആർ.എം റോഡിൽ വ്യാഴാഴ്ച രാത്രി 11ഓടെയാണ് സംഭവം.
പുറത്തു നിന്നെത്തിയ നാലു യുവാക്കളും നാട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. സമീപത്തെ ഹോസ്റ്റലിൽ താമസിക്കുന്ന ആളെ കാണാൻ എത്തിയ യുവാക്കളാണ് അക്രമം നടത്തിയത്. സുഹൃത്തിന്റെ മുറിയിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും അക്രമാസക്തരാവുകയുമായിരുന്നു. ചെടിച്ചട്ടികൾ എറിഞ്ഞു പൊട്ടിക്കുകയും അക്വേറിയം തകർക്കുകയും ചെയ്ത ശേഷം പുറത്തിറങ്ങിയ സംഘത്തിന്‍റെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്.
ലഹരി ഉപയോഗം ചോദ്യം ചെയ്തതോടെ യുവാക്കൾ നാട്ടുകാരോട് കയർക്കുകയും അക്രമാസക്തരാകുകയുമായിരുന്നു. നാട്ടുകാർ സംഘടിച്ചതോടെ യുവാക്കൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടുപേർ തടഞ്ഞു. കാർ മുന്നോട്ടെടുത്തപ്പോൾ അതിലൊരാൾ ബോണറ്റിലേക്കു വീണു. ഇയാളെ ബോണറ്റിൽ ഇരുത്തി ഒരു കിലോമീറ്ററോളമാണ് സംഘം കാറോടിച്ചത്.
പിന്നാലെയെത്തിയ നാട്ടുകാരാണ് വഴിയരികിൽ വീണു കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്. പ്രാഥമിക ചികിത്സക്കുശേഷം ഇയാൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. നാലംഗ സംഘത്തിലെ ഒരാൾക്ക് കാറിൽ കയറാൻ കഴിഞ്ഞില്ല. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.