കടലോരത്തെ ‘ലഹരി പാർക്കിൽ’ പെൺകുട്ടികളടക്കം പതിവായി സ്കൂൾ വിദ്യാർഥികളെത്തുന്നു
കോഴിക്കോട്: പൊലീസ് സ്റ്റേഷന്റെ മൂക്കിനുതാഴെയുള്ള പ്രദേശങ്ങളടക്കം ‘അധോലോക’ങ്ങളാക്കി ലഹരിസംഘങ്ങൾ ആറാടുകയാണിപ്പോൾ. തുടർപരിശോധനയും രാത്രി പട്രോളിങ്ങും വഴിപാടാകുന്നതോടെ ലഹരിക്കാർ പെട്ടെന്ന് ‘സാമ്രാജ്യങ്ങൾ’ കെട്ടിപ്പൊക്കുകയാണെന്നാണ് വിമർശനം. സർക്കാർ, പൊതു ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പ്രദേശങ്ങൾ മുതൽ രാപ്പകൽ വ്യത്യാസമില്ലാതെ ആൾപ്പെരുമാറ്റമുള്ള സ്ഥലങ്ങൾപോലും ലഹരി മാഫിയകളുടെ ‘കർമഭൂമി’യാണ്.
വെള്ളയിൽ സ്വദേശിയായ നഗരത്തിലെ കോളജ് വിദ്യാർഥി മാങ്കാവിലെ ലോഡ്ജിൽ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച് മരിച്ചതോടെ സിറ്റി പൊലീസ് ലഹരിയുടെ അടിവേരറുക്കാൻ ആക്ഷൻ പ്ലാൻവരെ തയാറാക്കിയിരുന്നു. എന്നാൽ, ഇതിലെ പല നിർദേശങ്ങളും പിന്നീട് ജലരേഖയായി എന്നുമാത്രമല്ല, വെള്ളിമാട്കുന്നിലടക്കം ലഹരി ഉപയോഗിച്ചുള്ള ദുരൂഹ മരണം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.
കടലോരത്ത് ലഹരി ‘പാർക്ക്’
നഗരത്തിലെ ലഹരി വിൽപനയുടെയും ഉപയോഗത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്ന് കോതി മുതൽ ഭട്ട്റോഡ് വരെയുള്ള കടലോരമാണ്. ഈ ഭാഗത്തെ ശാന്തിനഗർ കോളനിയായിരുന്നു നേരത്തെ ഇക്കൂട്ടരുടെ താവളമെങ്കിൽ അന്നത്തെ ജില്ല കലക്ടർ ഡോ. പി.ബി. സലീം പ്രത്യേക പദ്ധതിയുണ്ടാക്കി വീടുകളടക്കം നിർമിച്ചുനൽകിയതോടെ കോളനിക്കാർ നേർവഴിക്കായി. എന്നാൽ, ലഹരിസംഘങ്ങളും അവരുടെ പിന്മുറക്കാരും കടലോരം വിട്ടുപോയിട്ടില്ല.
ഇപ്പോൾ ഇക്കൂട്ടർ പ്രധാനമായും തമ്പടിക്കുന്നത് വെള്ളയിൽ ഹാർബറിന്റെ തെക്കുഭാഗത്ത് പുലിമുട്ടിനോട് ചേർന്നുള്ള നിർദിഷ്ട കാർപാർക്കിങ് ഭൂമിയിലാണ്. മാരിടൈം ബോർഡും നഗരസഭയും ചേർന്ന് ആരംഭിക്കുന്ന പാർക്കിങ് കേന്ദ്രത്തിനുള്ള ഭൂമി കാടുപിടിച്ച് കിടക്കുന്നതായി മാത്രമേ റോഡിൽനിന്ന് നോക്കിയാൽ തോന്നൂ.
കടലോരത്തേക്ക് ഇറങ്ങി കാടിനുള്ളിലൂടെ പോയാൽ ലഹരി ഉപയോഗിക്കുന്നവരുടെ ആവാസകേന്ദ്രമെന്നതിന് തെളിവായി നൂറുകണക്കിന് മദ്യക്കുപ്പികൾ പൊട്ടിച്ചിതറിക്കിടക്കുന്നത് കാണാം. സിറിഞ്ചുകൾ അടക്കമുള്ള ലഹരി ഉപയോഗ വസ്തുക്കൾ വേറെയും.
കാടിനുള്ളിൽ ലഹരി ഉപയോഗിച്ച് മയങ്ങാൻ വള്ളികൾ വെട്ടിയൊതുക്കിയ പ്രത്യേക സ്ഥലവും അനാശാസ്യത്തിനായി പൊന്തക്കാട് മറയാക്കി ഷീറ്റുവിരിച്ച് ‘കിടപ്പറയും’ ഒരുക്കിയിട്ടുണ്ടിവിടെ. രാപ്പകൽ വ്യത്യാസമില്ലാതെ ലഹരി ഉപയോഗവും അനാശാസ്യവും ഇവിടെ പതിവാണ്.
ലഹരിവഴിയിൽനിന്ന് മോചിതനായ യുവാവിന്റെ വെളിപ്പെടുത്തൽ പ്രകാരം വിവരശേഖരണത്തിന് പോയ ‘മാധ്യമം’ കണ്ടത് ക്ലാസ് കട്ടുചെയ്ത് സ്കൂൾ യൂനിഫോമിൽ എത്തിയ പ്ലസ് വൺ വിദ്യാർഥികളെയാണ്. പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറഞ്ഞ ഇവർക്കടുത്തേക്ക് പിന്നീട് ഒരു പെൺകുട്ടിയും ആൺകുട്ടിയും വരുന്നു. അൽപമകലെ ശീട്ടുകളിയും മദ്യപാനവുമായി വേറൊരു സംഘവും. വെള്ളയിൽ സ്റ്റേഷൻ പരിധിയിലെ ഈ സ്ഥലത്ത് പൊലീസ് എത്താറില്ലെന്നതാണ് ആളുകളെ ഇവിടേക്ക് പലപ്പോഴും ആകർഷിക്കുന്നത്.
രാമനാട്ടുകര-വെങ്ങളം ബൈപാസ് നിർമാണത്തിന്റെ ഭാഗമായി മുറിച്ച മരങ്ങൾക്ക് പകരമായി വനംവകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം പതിനായിരങ്ങൾ മുടക്കി 816 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ച സ്ഥലംകൂടിയാണിത്. 2021 ജൂൺ മുതൽ 2024 മാർച്ചുവരെ സംരക്ഷണ കാലയളവെന്ന് കാട്ടി വലിയ ബോർഡ് സ്ഥാപിച്ചെങ്കിലും ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.
ഭട്ട് റോഡ് ബീച്ചിലെ മിയാവാക്കി വനമേഖല, സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ്, പഴയ ലയൺസ് പാർക്കിന്റെ വിവിധ ഭാഗങ്ങൾ, സമീപത്തെ പഴയ കെട്ടിടങ്ങൾ എന്നിവയെല്ലാം ലഹരിസംഘങ്ങളുടെ വിഹാരകേന്ദ്രമാണ്. കടപ്പുറം കേന്ദ്രീകരിക്കുന്ന സംഘങ്ങൾ ലഹരിക്കുള്ള പണത്തിനായി ബീച്ച് അക്വേറിയം കെട്ടിടത്തിന്റെ ഗെയിറ്റിലെയും ബീച്ച് ജനറൽ ആശുപത്രിയുടെയും കോർപറേഷൻ ഓഫിസിന്റെയും ചുറ്റുമതിലിലെയും കാസ്റ്റ് അയേൺ കമ്പികൾ അടർത്തി വിൽപന നടത്തുക നേരത്തെ പതിവായിരുന്നു.
സിറ്റി പൊലീസിന്റെ ചരിത്രത്തിൽ നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലൊന്ന് കമീഷണർ ഓഫിസിന് തൊട്ടടുത്തുള്ള എസ്.ബി.ഐ മാനാഞ്ചിറ ശാഖയിലെ എ.ടി.എം മോഷ്ടാവ് കുത്തിപ്പൊളിച്ചതാണ്.
എന്നാൽ, അതിനേക്കാൾ മാനഹാനിയായിരിക്കുകയാണ് മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഭൂമി ലഹരി, മോഷണ സംഘങ്ങൾ താവളമാക്കിയത്. കവർച്ച ആസൂത്രണം ചെയ്യവേ ഒരുസംഘത്തെ കഴിഞ്ഞ ദിവസം ഇവിടെനിന്ന് പൊലീസ് പിടികൂടി. കാടുമൂടിക്കിടക്കുന്ന കോംട്രസ്റ്റിന്റെ ഭൂമിയും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും ലഹരിസംഘങ്ങളുടെ വർഷങ്ങളായുള്ള താവളമാണ്.
ലഹരി ഉപയോഗിച്ച് ഇവിടെ കിടന്നുറങ്ങുന്നവർ പിറ്റേദിവസം എഴുന്നേറ്റ് കിണറിലെ വെള്ളം കോരി കുളിച്ച് മാറ്റിയാണ് പുറത്തേക്ക് പോകുന്നത്. മദ്യക്കുപ്പികൾ, ലഹരി ഉപയോഗിക്കുന്നവർ പാചകത്തിനുപയോഗിച്ച പാത്രങ്ങൾ, അടുപ്പ് എന്നിവയെല്ലാം ഇവിടെ കാണാം.
നാലും അഞ്ചും പേരടങ്ങുന്ന ചെറുസംഘങ്ങൾ പലവഴിക്ക് ഈ ഭൂമിയിൽ കയറി ‘പാർട്ടി’ സംഘടിപ്പിക്കുന്നതും പതിവാണ്. സ്ഥിരം പരിശോധന നടത്തുന്നതിനൊപ്പം ഈ ഭാഗത്ത് എന്നും സാന്നിധ്യമുറപ്പാക്കാനാണിപ്പോൾ സിറ്റി പൊലീസ് തീരുമാനിച്ചത്.
നഗരപരിധിയിലെ പൊതുവിടങ്ങൾ പലതും ലഹരി വിൽപനക്കുള്ള വേദികളാണിന്ന്. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, മെഡിക്കൽ കോളജ് പരിസരം, എൻ.ഐ.ടി മേഖല, പാളയം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, മാവൂർ റോഡിൽനിന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലേക്കുള്ള വഴി എന്നിവിടങ്ങളെല്ലാം നഗരപരിധിയിലെ ലഹരിയുടെ ‘ഹോട്ട് സ്പോട്ടു’കളാണ്. ഇതിൽ ചിലയിടങ്ങളിൽ ലഹരി ഉപയോഗിച്ചുള്ള കത്തിക്കുത്തും അടിപിടികളും പലകുറി അരങ്ങേറിയിട്ടുമുണ്ട്.
രോഗികളും കൂട്ടിരിപ്പുകാരുമാണ് അധികമെത്തുകയെന്നതിനാൽ പൊലീസ് പരിശോധന കുറവാകുമെന്നത് മുൻനിർത്തിയാണ് ലഹരിസംഘങ്ങൾ മെഡിക്കൽ കോളജ് കേന്ദ്രീകരിക്കുന്നത്. ഇവിടങ്ങളിലെ ലോഡ്ജുകളിലാണ് ലഹരി ഇടപാട് ഏറെയും നടക്കുന്നത്. ശസ്ത്രക്രിയക്കും മറ്റും ആശുപത്രിയിലെത്തിയ രോഗിയുടെ കുടുംബം എന്ന വ്യാജേന ഒരാഴ്ചത്തേക്കും മറ്റും മുറിയെടുത്താണ് കച്ചവടം ഉറപ്പിക്കുന്നത്.
കണ്ണൂർ സ്വദേശിനിയും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ യുവതി, വീട്ടുകാരറിയാതെ കോഴിക്കോട് സ്വദേശിക്കൊപ്പം ഇവിടെ മുറിയെടുത്ത് ലഹരി വിൽപന തുടങ്ങിയത് രണ്ടാം ദിവസമാണ് പൊലീസ് പൊക്കിയത്. ഇവരിൽനിന്ന് ലഹരിക്കൊപ്പം അതുപയോഗിക്കാനുള്ള സിറിഞ്ചുകൾ, തൂക്കിവിൽപനക്കുള്ള ചെറിയ ഇലക്ട്രോണിക് ത്രാസ് എന്നിവയടക്കം പിടികൂടിയിരുന്നു. അടുത്തിടെ മൂന്നുപേരടങ്ങുന്ന മറ്റൊരു സംഘത്തെയും അറസ്റ്റ് ചെയ്തതോടെ ലോഡ്ജുകൾ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
ഗ്രാമീണ മേഖലയേക്കാൾ നഗരപരിധിയിലെ സ്കൂൾ വിദ്യാർഥികളാണ് ലഹരിയുടെ കെണിയിൽ വീഴുന്നത്. മുമ്പുകാലങ്ങളിൽനിന്ന് ഭിന്നമായി ഇപ്പോൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് സംഘം വിദ്യാർഥികളെ കണ്ണിചേർക്കുന്നത്.
ലഹരി നൽകി അടിമയാക്കിയ ശേഷം പിന്നീട് ഇവരെ വിൽപനക്ക് നിയോഗിക്കുകയാണ്. 14കാരിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മാതാവ് നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. മാതാപിതാക്കൾ തെറ്റിയതോടെ അമ്മക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. ഓൺലൈൻ പഠനത്തിന് മൊബൈൽ വാങ്ങി നൽകിയതോടെ കുട്ടി ഇൻസ്റ്റഗ്രാമിൽ സജീവമാവുകയും ‘റോയൽ ഗോൾഡ്’ എന്ന ലഹരി കൂട്ടായ്മയുടെ ഭാഗമാവുകയും ചെയ്തു.
മൊബൈലിൽ ലിങ്ക് അയച്ചുനൽകിയാണ് രാസലഹരി ഉപയോഗിക്കുന്ന രീതി പഠിപ്പിച്ചത് എന്നാണ് കുട്ടിയുടെ മൊഴി. സ്കൂളിലേക്കുള്ള വഴിയിൽനിന്നാണ് ലഹരി നൽകിയത്. സഹപാഠികളടക്കമുള്ളവർക്ക് ലഹരി കൈമാറിയെന്നും മയക്കുമരുന്ന് വിറ്റതിന് 1000 രൂപവരെ തനിക്ക് തന്നിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.
ആവശ്യത്തിന് ലഹരി കിട്ടാത്തതോടെ കുട്ടി ശരീരമാകെ ബ്ലേഡുകൊണ്ട് വരയുകയും പെരുമാറ്റത്തിൽ പന്തികേടുണ്ടാവുകയും ചെയ്തതോടെയാണ് ലഹരിയുടെ സൂചന മാതാവിന് ലഭിച്ചത്. അമ്മതന്നെ കുട്ടിയുടെ ബാഗിൽനിന്ന് ലഹരിവസ്തു കണ്ടെടുക്കുകയും ചെയ്തു.
ബംഗളൂരുവിലുള്ള പിതാവിനടുത്തുപോയി വീട്ടിലേക്ക് മടങ്ങിയ കുട്ടിയെ ലഹരിസംഘം കാരിയറാക്കുകയും ചെയ്തിരുന്നു. ഡീ അഡിക്ഷൻ സെന്ററിലെ മാസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് കുട്ടി ലഹരിയിൽനിന്ന് മോചിതയായത്. അസി. കമീഷണറുടെ നേരിട്ടുള്ള അന്വേഷണം, ബാലാവകാശ കമീഷന്റെ ഇടപെടൽ, മാധ്യമങ്ങളിലെ തുടർവാർത്ത എല്ലാമുണ്ടായിട്ടും കേസിൽ ഒരാൾ അറസ്റ്റിലായി എന്നല്ലാതെ ലഹരി സംഘത്തെ മുഴുവൻ പിടിച്ചുകെട്ടാനായില്ല.
കോഴിക്കോട്: ലഹരിക്കെതിരായ ജനകീയ പോരാട്ടത്തിന് സർക്കാറുൾപ്പെടെ വിപുല കാമ്പയിനുകൾ നടത്തുന്നുണ്ടെങ്കിലും പലതിനും തുടർച്ചയില്ലെന്നാണ് പരാതി. കഴിഞ്ഞവർഷം ‘നോ ടു ഡ്രഗ്സ്’ കാമ്പയിൻ വൻ ജനപങ്കാളിത്തത്തോടെ നടന്നെങ്കിലും ഇതിന്റെ ഭാഗമായി തീരുമാനിച്ച കാര്യങ്ങൾ പലതും നടപ്പായില്ല.
കുട്ടികളിലെ ലഹരി വ്യാപനം തടയാൻ 1,80,000 അധ്യാപകർക്ക് പരിശീലനം നൽകും, ലഹരി ബോധവത്കരണത്തിന് സ്ഥിരം പാഠ്യപദ്ധതി തയാറാക്കും, രാസലഹരി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നത് തടയാൻ അന്വേഷണ രീതിയിലും കേസ് ചാർജ് ചെയ്യുന്നതിലും മാറ്റങ്ങൾ വരുത്തും, എൻ.ഡി.പി.എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കാൻ മുൻകാല കുറ്റകൃത്യങ്ങൾകൂടി കുറ്റപത്രത്തിലുൾപ്പെടുത്തും.
കാപ്പ രജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്തുകാരുടെ ഡേറ്റ ബാങ്ക് തയാറാക്കും, പതിവായി മയക്കുമരുന്ന് കടത്തുന്നവരെ പി.ഐ.ടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കും, ട്രെയിനിലെ ലഹരിക്കടത്ത് തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സംവിധാനങ്ങളൊരുക്കും, വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വിൽക്കുന്നില്ലെന്ന് കാട്ടി പൊലീസ്/എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കും എന്നിവയൊക്കെയായിരുന്നു ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ. ഒറ്റപ്പെട്ടവ നടപ്പായെങ്കിലും മിക്ക നിർദേശങ്ങളും ഇപ്പോഴും കടലാസിലാണ്. മാത്രമല്ല, തുടർച്ചയായുള്ള കാമ്പയിനുകൾ നടക്കുന്നുമില്ല.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.