പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തീരുമാനം

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ വ്യാപനം വര്‍ധിക്കുന്ന സാഹചര്യം മുന്നില്‍ കണ്ട്, അത്തരം മരുന്നുകളുടെ വിതരണവും ശേഖരണവും സംബന്ധിച്ച പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തീരുമാനിച്ചു. ലഹരിമരുന്നുകളുടെ പട്ടികയില്‍ പെടുന്നവയെ ‘ഷെഡ്യൂള്‍ എച്ച് 1’ വിഭാഗത്തില്‍ പെടുത്തുകയും അവ വില്‍ക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. ‘ഷെഡ്യൂള്‍ എച്ച് 1’വിഭാഗത്തിലെ മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് അറിയിപ്പും നല്‍കി. ഇതിനൊപ്പം മരുന്നുശാലകളില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

എങ്കിലും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നെന്നാണ് വിവരം. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി കര്‍ശനമാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല ഡ്രഗ്സ് കണ്‍¤്രടാളര്‍മാര്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധനകള്‍ നടത്തുകയും ലഹരിമരുന്നുകള്‍ അനാവശ്യമായി വില്‍പന നടത്തിയതിന്‍െറ പേരില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.  ഇതിനു പുറമേ, ചില വേദനസംഹാരികളും ശസ്ത്രക്രിയ വേളയില്‍ മയക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്ന് അവയുടെ വില്‍പനയും നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എക്സ്സൈസ് കമീഷണര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തില്‍ ഡിസംബറിലാണ്  മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായി ഇത്തരം ‘ഹാബിറ്റ് ഫോമിങ് ഡ്രഗ്സ്’ ഉപയോഗിക്കുന്നതായി ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ എക്സ്സൈസ് വിഭാഗത്തിനും ആരോഗ്യവകുപ്പിനും ലഭിച്ചിരുന്നു.

അതിന്‍െറ അടിസഥാനത്തില്‍ ഹാബിറ്റ് ഫോമിങ് ഡ്രഗ്സ് ഡബിള്‍ ലോക്കര്‍ സംവിധാനത്തില്‍ സൂക്ഷിക്കണമെന്നും ആശുപത്രികളിലെ ഒ.പി വിഭാഗത്തിലും ഐ.പി വിഭാഗത്തിലും ഇത്തരം മരുന്നുകളുടെ വിതരണ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

രജിസ്റ്ററില്‍ ഒ.പി / ഐ.പി നമ്പര്‍, രോഗിയുടെ പേര്, വിലാസം, വിതരണം ചെയ്യുന്ന മരുന്നിന്‍െറ എണ്ണം, നല്‍കിയ തീയതി, കമ്പനിയുടെ പേര്, ബാച്ച് നമ്പര്‍, എക്സ്പെയറി ഡേറ്റ് എന്നിവ രേഖപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കി. കൂടാതെ ജില്ലാതല ഓഫിസര്‍മാരും സംസ്ഥാതല ഓഫിസര്‍മാരും ഹാബിറ്റ് ഫോമിങ് ഡ്രഗ്സ് വിതരണ രജിസ്റ്റര്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    
News Summary - drugs usage: drugs control dpt strictly verify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.