ആകാശ് തില്ല​ങ്കേരിക്കെതിരെ വീണ്ടും ഡി.വൈ.എഫ്.ഐ: ‘ക്വട്ടേഷൻ സ്വർണക്കടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കും’

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊന്ന കേസിലും ക്വട്ടേഷൻ സ്വർണ്ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ല​ങ്കേരിക്കെതിരെ പരസ്യപ്രസ്താവനയുമായി വീണ്ടും ഡി.വൈ.എഫ്.ഐ. പാർട്ടി നേതാക്കൾക്കും രക്തസാക്ഷി കുടുംബാംഗങ്ങൾക്കും എതിരെ വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സ്വർണ്ണക്കടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഡി.വൈ.എഫ്​.​ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

നേരത്തെ സ്വർണക്കള്ളക്കടത്ത് വിഷയം കത്തിനിന്ന സമയത്ത് ആകാശിനും സംഘത്തിനുമെതിരെ ഡി.വൈ.എഫ്.ഐ രംഗത്തുവന്നിരുന്നു. എന്നാൽ, ഈഎതിർപ്പ് പിന്നീട് കുറയുകയും ഏതാനും മാസംമുമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് ഷാജർ  നേരിട്ട് ആകാശ് തില്ല​ങ്കേരിക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ പാർട്ടിക്കും പ്രവർത്തകർക്കുമെതി​രെ രൂക്ഷമായ തെറിയഭിഷേകം ഉൾപ്പെടെ നടത്തിയപ്പോഴാണ് ഡി.വൈ.എഫ്.ഐ വീണ്ടും രംഗത്തെത്തിയത്. 

ശുഹൈബ് വധക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തലും ആകാശ് ഇന്ന് ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. ‘ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലം’ എന്നായിരുന്നു ആകാശിന്റെ  ആരോപണം. കൂടാതെ സി.പി.എം അംഗങ്ങളായ സ്ത്രീകൾക്കും നേതാക്കൾക്കുമെതിരെ അവിഹിതം ഉൾപ്പെടെയുള്ള ആരോപണങ്ങളും ആകാശ് പുറത്തുവിട്ടു.

ഒടുവിൽ ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ഗുരുതര ആരോപണം ഉയർത്തിയത്. ‘എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നത്ന്നും’ ആകാശ് തില്ലങ്കേരി പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോൾ ഡി.വൈ.എഫ്​.ഐ രംഗത്തുവന്നത്.

ഡി.​വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ പ്രസ്താവന:

‘ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി സരീഷിനെതിരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് എതിരെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരിക്കെ ആർ.എസ്സ്.എസ്സുകാരാൽ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നൽകുന്ന ക്വട്ടേഷൻ സ്വർണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കും. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 11 പേർ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങൾക്ക് ഇന്നും ഉർജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്. സ്വർണ്ണ കടത്തിന് നേതൃത്വം നൽകുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡി.വൈ.എഫ്.ഐയെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തിൽ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു. ശക്തമായ നിലപാടാണ് ഇന്നും ഡി.വൈ.എഫ്.ഐ ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഇതോടെ ഡി.വൈ.എഫ്.ഐയെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികൾ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാർഗമാണ് ഇവർ സ്വീകരിക്കുന്നത്.

സാമുഹ്യ മാധ്യമങ്ങൾ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടർ കരുതുന്നത്. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാർ മാധ്യമങ്ങളെ കൂച്ചുവിലങ് ഇടുന്ന കാലത്ത് സത്യം വിളിച്ചു പറയേണ്ടുന്ന ബദൽ മാർഗമാണ് സോഷ്യൽ മീഡിയ. എന്നാൽ, അതിനെ ക്വട്ടേഷൻ സ്വർണ്ണകടത്തു മാഫിയ തങ്ങൾക്ക് എതിരായി സംസാരിക്കുന്നവരെ ഭീഷണിപെടുത്താനുള്ള മാർഗ്ഗമായി ആണ് ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് എതിരെ പോലും പൊതുമധ്യത്തിൽ ഉപയോഗിക്കാൻ അറപ്പ് തോന്നുന്ന ഭാഷയാണ് ഇക്കൂട്ടർ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. നാടിന്റെ സമാധാനം തകർക്കുന്ന ഈ പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപെടുത്തണമെന്നും കർശനമായ പോലീസ് നടപടി സ്വീകരിക്കണം’ 

Tags:    
News Summary - DYFI against akash thillankery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.