കണ്ണൂര്‍: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ രംഗത്ത്. അധികാരം ലഭിക്കില്ലെന്ന് ഉറപ്പായ ലീഗ് നേതാക്കളുടെ മാനസികനില തകരാറിലായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അനേകമാനേകം രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപ ഭാവിയില്‍ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്‍റെ ഇടതുപക്ഷ വിരുദ്ധ വര്‍ഗീയ ഒത്തുചേരല്‍ കാരണമായത്. വർഗ്ഗീയ ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമാക്കി തീരുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത്.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ നീചവും നിന്ദ്യവുമായ വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ചത് ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയാണ്. ലീഗിന്‍റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും, പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും അടങ്ങുന്ന നേതാക്കളാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യമാണ് ലീഗ് ജാഥയില്‍ ഉയര്‍ന്ന് കേട്ടത്. ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന്. മുന്നേ ഈ അധിക്ഷേപം ഉയര്‍ന്ന് കേട്ടത് സംഘപരിവാര്‍ സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമാണ്. ശബരിമല കലാപകാലത്ത് സംഘികള്‍ക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകണം ഈ പുതിയ മുദ്രാവാക്യം. സ്വവർഗ വിവാഹ വിരുദ്ധവും ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതടക്കം പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ കമന്‍റുകളാണ് ലീഗ് നേതാക്കൾ നടത്തിയതെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.