തിരുവനന്തപുരം: വിമാനത്തിനകത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഭീകര പ്രവർത്തനമെന്ന് ഡി.വൈ.എഫ്.ഐ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ഏതാനും ദിവസങ്ങളായി യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ ലീഗ് - ബി.ജെ.പി ഐക്യ മുന്നണി നടത്തുന്ന കലാപ സമാനമായ പ്രതിഷേധ നാടകങ്ങൾ ഇന്ന് സർവ്വ സീമയും ലംഘിച്ചിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു. വിമാനം പോലുള്ള അതീവ സുരക്ഷാ മേഖലയിൽ മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് കൺവീനർക്കും നേരെ നടന്ന കയ്യേറ്റ ശ്രമം ഞെട്ടിപ്പിക്കുന്നതും അതീവ ഗൗരവത്തോടെ കാണേണ്ടതുമാണ്.
കെ. സുധാകരൻ ആർ.എസ്.എസ് വാടക കൊലയാളികളെ ഉപയോഗിച്ചാണ് ട്രെയിനിൽ വച്ച് മുൻപ് പിണറായിയെ വധിക്കാൻ ശ്രമിച്ചത്. ആ വധ ശ്രമത്തിന്‍റെ ഇരയാകേണ്ടി വന്ന് വേദനയോടെ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് ഇന്ന് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഇ.പി. ജയരാജൻ. സുധാകരൻ അതേ രണ്ട് പേരെ പുതിയ ഗുണ്ടകളെ അയച്ച് വിമാനത്തിനകത്ത് വച്ച് നേരിടാൻ അയച്ചത് അതീവ ഗൗരവകരമായ വിഷയമാണ്. ഭീകര പ്രവർത്തനമാണ്.
വിമാനത്തിനകത്ത് വച്ച് അസ്വഭാവികമായ ഏത് പ്രവൃത്തിയും അതീവ പ്രാധാന്യത്തോടെയുള്ള സുരക്ഷാ പ്രശ്നമായാണ് കാണുന്നത്. അതിനാലാണ് വിമാനത്തിനകത്ത് പ്രതിഷേധിച്ചവർക്ക് ആജീവനാന്ത യാത്രാ വിലക്ക് അടക്കം എവിയേഷൻ വകുപ്പ് നൽകുന്നത്. മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് കൺവീനർക്കും നേരെ വിമാനത്തിൽ വച്ച് നടന്ന അക്രമ ശ്രമവും സുരക്ഷാ വീഴ്ച്ചയും കേന്ദ്ര ഏവിയേഷൻ മന്ത്രാലയും കേന്ദ്ര സർക്കാരും അതീവ ഗൗരവത്തോടെ കാണണമെന്നും യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ ഗൂണ്ടകളുടെ ഈ തരത്തിലുള്ള ഭീകര പ്രവർത്തനം കണ്ടു നിൽക്കില്ലെന്നും, ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.