അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമ സി.സജേഷിനെ ഡി.വൈ.എഫ്​.ഐ പുറത്താക്കി

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്​ കസ്റ്റംസ്​ സംശയിക്കുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്‍റെ ഉടമയെ ഡി.വൈ.എഫ്​.ഐ പുറത്താക്കി. ചെമ്പിലോട്​ മേഖല സെക്രട്ടറി സി.സജേഷിനെയാണ്​ പുറത്താക്കിയത്​. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലർത്തിയതിനാണ്​ നടപടി.

സംഘടനക്ക്​ നിരക്കാത്ത പ്രവർത്തിയാണ്​ സജേഷിന്‍റെ ഭാഗത്ത്​ നിന്നും ഉണ്ടായത്​. ഡി.വൈ.എഫ്​.​െഎ കണ്ണൂർ ജില്ലാ സെ​ക്രട്ടറിയാണ്​ ഇക്കാര്യം അറിയിച്ചത്​. സജേഷിന്‍റെ ഉടമസ്ഥതയിലുള്ള കാറിൽ അർജുൻ ആയങ്കി രാമനാട്ടുകരയിൽ അപകടമുണ്ടായ ദിവസം കരിപ്പൂർ വിമാനത്താവളത്തിന്​ സമീപമെത്തിയെന്നാണ്​ റി​പ്പോർട്ട്​.

അതേസമയം, കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്​ ഒരാൾ കൂടി ഇന്ന്​ അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ചെർപ്പുളശ്ശേരി സ്വർണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൊടുവള്ളി സംഘത്തിലെ അംഗമാണ് ഫിജാസ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്‍റെ സഹോദരനാണ് ഫിജാസ്.

രാമനാട്ടുകര വഴി മൂന്നു കാറുകളിലായ സഞ്ചരിച്ച 15 അംഗ ചെർപ്പുളശ്ശേരി സംഘത്തിലെ എട്ടുപേരാണ് അറസ്റ്റിലായത്. കൂടാതെ, വാഹനാപകടത്തിൽ സംഘത്തിലെ അഞ്ചു പേർ മരിച്ചു. ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

സംഭവ ദിവസം കോഴിക്കോട്​ വിമാനത്താവളത്തിലെത്തിയ രണ്ടു സംഘങ്ങളിൽ ഒരു വിഭാഗം സ്വർണം കൈപ്പറ്റാനും എതിർവിഭാഗം കവർച്ച നടത്താൻ വേണ്ടിയും​​ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ​. കണ്ണൂരിലുള്ള അർജുൻ ആയങ്കിയും സംഘാംഗങ്ങളും ദുബൈയിൽ നിന്നെത്തിച്ച സ്വർണം ഏറ്റുവാങ്ങാനും ​െചർപ്പുളശ്ശേരി സംഘം ഇൗ സ്വർണം തട്ടിയെടുക്കുന്നതിനുമാണ്​ കരിപ്പൂരിലെത്തിയത്​​​​. ദുബൈയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം മൂർക്കനാട്​ സ്വദേശി ഷഫീഖ്​ മേലേതിൽ (23) കൊണ്ടുവന്ന സ്വർണത്തിനാണ്​ ഇവരെത്തിയത്​.

കോഫിമേക്കർ മെഷീനിനുള്ളിൽ ഒളിപ്പിച്ചാണ് 1.11 കോടിയു​െട 2.33 കിലോഗ്രാം സ്വർണവുമായി​ ഷഫീഖ്​ എത്തിയത്​. ദുബൈയിൽ സലീം എന്ന വ്യക്തി മുഖേനയാണ്​ സ്വർണം ലഭിക്കുന്നത്​. സലീമി​െൻറ നിർദേശപ്രകാരം രണ്ടുപേർ ദുബൈയിൽ വന്ന്​ കണ്ടിരുന്നു. ഒരാളുടെ പേര്​ ജലീലാണെന്നും രണ്ടാമത്തെയാളുടെ പേര്​ അറിയില്ലെന്നുമാണ് ഷഫീഖി​െൻറ മൊഴി. ഇവരാണ്​ സ്വർണം ഒളിപ്പിച്ച കോഫിമേക്കർ മെഷീനും ഇത്​ കൊണ്ടുപോകാൻ ട്രോളിബാഗും നൽകിയത്​.

സലീമിനെ പരിചയപ്പെടുത്തിയ മുഹമ്മദ്​ എന്നയാളാണ്​ കണ്ണൂർ സ്വദേശിയായ അർജുനെയും ബന്ധപ്പെടുത്തി നൽകിയത്​. വിമാനത്താവളത്തിന്​ പുറത്ത്​ കോഫിമേക്കർ മെഷീനുള്ള ട്രോളി ബാഗ്​ അർജുന്​ കൈമാറാനായിരുന്നു നിർദേശം. താൻ കരിപ്പൂരിലെ ആഗമന ഏരിയയിൽ കാത്തുനിൽക്കുമെന്നും ഇവിടെ എത്തിയശേഷം ധരിച്ചിരുന്ന ഷർട്ട്​ മാറാനും അർജുൻ ഷഫീഖിനോട്​ ആവശ്യപ്പെട്ടിരുന്നു​. സ്വർണം എത്തിച്ചതിന്​ 40,000 രൂപയും വിമാന ടിക്കറ്റുമാണ്​ ലഭിച്ചതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്​.

ഇൗ സ്വർണം തട്ടിയെടുക്കാൻ​ വേണ്ടിയാണ്​ ചെർപ്പുളശ്ശേരി സംഘം എത്തിയത്​. കസ്​റ്റംസ്​ സ്വർണം പിടിച്ചതറിയാതെയാണ്​ ​ചെർപ്പുളശ്ശേരി സംഘം കണ്ണൂരിലുള്ളവരെ മൂന്ന്​ വാഹനങ്ങളിലായി പിന്തുടർന്നത്​​. ഇതിനിടെയാണ്​ നാടിനെ നടുക്കിയ അപകടം നടന്നത്.

Tags:    
News Summary - DYFI fires C. Sajesh, owner of car used by Arjun Ayanki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.