തേഞ്ഞിപ്പലം: പ്രണയത്തിലായ യുവതിയുമായി ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. കൂടെ എത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് മർദിച്ചെന്നാരോപിച്ച് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ സംഘർഷം. പൊലീസിനെ മർദിച്ചെന്ന കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
പുളിക്കൽ ആന്തിയുർക്കുന്ന് സ്വദേശികളായ പറക്കുന്നത്ത് എം. സലാഹ് (32), എട്ടരകണ്ടി ജാഫർ (33), കാരാട് സ്വദേശി എള്ളോത് പുറായി വിഷ്ണു (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ചെട്ടിയാർമാട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയുമായി രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണെന്നും ഏപ്രിൽ 24ന് യുവതി തന്നോടൊപ്പം ജീവിക്കാൻ ഇറങ്ങി വന്നെന്നും ഇയാൾ പറഞ്ഞു. തേഞ്ഞിപ്പലം പൊലീസിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ തങ്ങൾ സ്റ്റേഷനിൽ ഹാജരാവുകയും ഒന്നിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് അറിയിക്കുകയും ചെയ്തതാണ്. എന്നാൽ, അമ്മക്ക് സുഖമില്ലെന്നും അമ്മയെ കണ്ടശേഷം വരട്ടെയെന്ന് പറഞ്ഞ് പൊലീസ് യുവതിയെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
അവളോട് സംസാരിക്കാൻ താൻ നൽകിയ ഫോൺ രണ്ടുദിവസത്തിനുശേഷം സ്റ്റേഷനിൽവെച്ച് തിരികെ തന്നു. ഇതിനുശേഷം യുവതിയെ കാണാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണെന്നും വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ച് ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്നുമാണ് യുവാവിന്‍റെ പരാതിയിലുള്ളത്. എന്നാൽ, തിങ്കളാഴ്ച കൂടെ സ്റ്റേഷനിൽ എത്തിയ ഡി.വൈ.എഫ്.ഐ നേതാവും ഇൻസ്‌പെക്ടറും തമ്മിൽ വാഗ്വാദമുണ്ടായി.
ഇതിനിടെ ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിനോട് മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന്റെയും പേരിൽ ഡി.വൈ.എഫ്.ഐ പള്ളിക്കൽ മേഖല സെക്രട്ടറി ഹണി ലാലിനെ ലോക്കപ്പിൽ അടച്ചു. ഇതോടെ ഡി.വൈ.എഫ്.ഐ- സി.പി.എം നേതാക്കളും പ്രവർത്തകരും സ്റ്റേഷനിൽ തടിച്ചുകൂടി. കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തി പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു.
നേതാക്കൾ ഇടപെട്ട് സംസാരിച്ചതിനെ തുടർന്ന് ഹണി ലാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനും തീരുമാനിച്ചു. രാത്രി പതിനൊന്നോടെ ജാമ്യത്തിലിറങ്ങിയ ഹണീലാലിനൊപ്പമുണ്ടായിരുന്ന മൂന്നുപേർ സ്റ്റേഷൻ റൈറ്ററുടെ ഓഫിസിൽ ഇരിക്കുകയായിരുന്ന സർക്കിൾ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിനെ മർദിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ സ്റ്റേഷൻ വളപ്പിൽ തമ്പടിച്ചിരുന്ന പ്രവർത്തകർ സ്റ്റേഷനിലേക്ക് ഇരച്ചുകയറി മുദ്രാവാക്യം മുഴക്കിയതോടെ വീണ്ടും സംഘർഷാവസ്ഥയായി.
സി.പി.എം നേതാക്കളും പൊലീസും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഹണി ലാലിനെതിരെയും കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.