കോഴിക്കോട്: നേരത്തെ അറസ്റ്റിലായ അലൻ, താഹ എന്നിവർക്കെതിരെ ചുമത്തിയ യു.എ.പി.എ പിൻവലിക്കണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറ് മുഹമ്മദ് റിയാസ്. കേരളത്തിൽ അറസ്റ്റിലായ യുവാക്കൾ മാേവാവാദികളാണ്. എന്നാൽ, മാവോവാദികൾക്കെതിരെയാണെങ്കിൽ പോലും യു.എ.പി.എ ചുമത്തരുത്. അലനും താഹക്കുമെതിരെ ചുമത്തിയ യു.എ.പി. പിൻവലിക്കണം. മീഡിയ വൺ ചാനലിലെ വാർത്താ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
മാവോവാദി ബന്ധം ആരോപിച്ച് നേരത്തെ കോഴിക്കോട് നിന്ന് അറസ്റ്റിലായ അലൻ ശുഹൈബ്, താഹാ ഫസൽ എന്നിവർ ജാമ്യമില്ലാതെ റിമാൻറിൽ കഴിയുകയാണ്. സി.പി.എം പ്രവർത്തകരായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായ ആദ്യഘട്ടത്തിൽ ഇരുവരുടെയും കുടുംബങ്ങൾക്ക് പിന്തുണയുമായി പാർട്ടി രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിയുകയായിരുന്നു. ഇരുവരും മാവോവാദികളാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആരോപണം അലെൻറയും താഹയുടെയും കുടുംബങ്ങൾ നിഷേധിച്ചിരുന്നു.
ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലിരിക്കെ പൊലീസ് തുടങ്ങിയ നടപടികളുടെ ഭാഗമായി ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. യു.എ.പി.എ ചുമത്തിയത് സ്വാഭാവിക നിയമ നടപടിയാണെന്നും അത് ഒഴിവാക്കാനാകാത്തതാണെന്നും വിശദീകരിച്ച് സി.പി.എം നേതാക്കൾ തന്നെ പിന്നീട് രംഗത്തെത്തി. ആ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായാണ് ഇപ്പോൾ ഡി.വൈ.എഫ്.ഐ ദേശിയ പ്രസിഡൻറ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.