ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: മുഖ്യമന്ത്രിക്ക് നേരെ കരി​ങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദിച്ചത് രക്ഷാപ്രവർത്തനമാണെന്ന രീതിയിൽ പിണറായി വിജയൻ നടത്തിയ പ്രസ്താവനയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. എറണാകുളം സെൻട്രൻ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് എറണാകുളം സി.ജെ.എം കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റകൃത്യത്തിനുള്ള പ്രേരണയായെന്ന് കാണിച്ച് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹരജിയിലാണ് ഉത്തരവ്.

കഴിഞ്ഞ നവംബറിൽ നവകേരള സദസ്സിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ‌ ക്രൂരമായി മർദിച്ചതിനെയാണ് മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ ആയി ന്യായീകരിച്ചത്. ഇത് പിന്നീട് നിയമസഭയിലും ആവർത്തിച്ചു. വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

‘എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ? ഒരാൾ ചാടി വീഴുകയാണ്. അയാളെ ചില ചെറുപ്പക്കാർ അങ്ങോട്ടു പിടിച്ചു തള്ളി മാറ്റുകയാണ്. അത് ജീവൻ രക്ഷിക്കാനല്ലേ? അതൊരു അക്രമമാണോ? ഒരു തീവണ്ടി വരുന്നു. ഒരാൾ അവിടെ കിടന്നുപോയി. രക്ഷിക്കാൻ വേണ്ടി അയാളെ എടുത്തെറിയില്ലേ? എറിഞ്ഞാൽ അയാൾക്ക് അപകടം പറ്റുമോയെന്നാണോ നോക്കുക? അയാളുടെ ജീവൻ രക്ഷിക്കലല്ലേ പ്രധാനം? ആ ജീവൻരക്ഷാ രീതിയാണ് ഡി.വൈ.എഫ്.ഐക്കാർ സ്വീകരിച്ചത്. മാതൃകാപരമായ ആ രീതികൾ തുടർന്നു പോകണം’ -എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - DYFI's 'rescue': Court orders probe into Chief Minister's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.