വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ ട്രോഫി സമ്മാനിച്ചത് വിവാദത്തിൽ. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ എം. ഷാജറാണ് ട്രോഫി സമ്മാനിച്ചത്. തില്ലങ്കേരി പ്രീമിയല്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെൻറിൽ ചാമ്പ്യന്മാരായ സി.കെ.ജി. വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്. ട്രോഫി സമ്മാനിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായി പ്രത്യക്ഷപ്പെടുന്ന ആകാശിനേയും അര്‍ജുന്‍ ആയങ്കിയേയും പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി നേരത്തെ ഡി.വൈ.എഫ്.ഐ തന്നെ രംഗത്തെത്തിയിരുന്നു.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപമുയർന്ന ആകാശ് തില്ലങ്കേരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ പ്രതിയാണ്. സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒറ്റപ്പെടുത്തണമെന്ന് ജില്ല സെക്രട്ടറിയായ ഷാജര്‍ തന്നെ പ്രഖ്യാപിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായി പ്രത്യക്ഷപ്പെടുന്ന ഇവര്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഡി.വൈ.എഫ്.ഐയുടെ അന്നത്തെ നിലപാട്. ഇതിനെ തുടർന്ന് കൂത്തുപറമ്പിലടക്കം ഇവർക്കെതിരെ പാര്‍ട്ടി വ്യാപകപ്രചാരണം നടത്തിയിരുന്നു. പി. ജയരാജന്‍ ഇ.പി. ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പുതിയ സാഹചര്യത്തിൽ ട്രോഫി കൈമാറിയത് ചർച്ചയാവുകയാണ്. ട്രോഫി കൊടുത്ത് അരികില്‍ നിര്‍ത്തിയാണോ തെറ്റ് തിരുത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിൽ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.