മലപ്പുറം/ കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശൂർ സഹകരണ വിജിലൻസ് ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്‍റെ ഭാര്യ നുസ്രത്ത് അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ പരാതിക്കാർ രംഗത്ത്.
വഞ്ചിതരായ നിരവധിപേർ തിങ്കളാഴ്ച മലപ്പുറം സ്റ്റേഷനിൽ പരാതിയുമായെത്തി. നിരവധിപേർ ഫോണിലൂടെയും പൊലീസിനോട് പരാതികൾ ഉന്നയിച്ചു. ഇവരോട് ബന്ധപ്പെട്ട സ്റ്റേഷനുകളിൽ പരാതി നൽകാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ വഞ്ചനാകുറ്റത്തിനാണ് കേസെടുത്തത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലെല്ലാം നുസ്റത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് കസബ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ വർഷങ്ങൾക്കുമുമ്പേ ഇവർക്കെതിരെ പത്തോളം പരാതി ലഭിച്ചിരുന്നു. ഒരുതട്ടിപ്പിൽ ഇവരെ പ്രതിചേർത്ത് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റുണ്ടായില്ല. നിലമ്പൂരിലെ സി.ജി. സുരേഷ് കുമാർ, കോഴിക്കോട്ടെ എൻ.എം. ഖദീജ, എടവണ്ണപ്പാറയിലെ അഭിഭാഷകൻ, പാണ്ടിക്കാട്ടെ ഡോക്ടർ, കുറ്റിക്കാട്ടൂരിലെ ഫർണിച്ചർ വ്യാപാരി അടക്കമുള്ളവരാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലെ ഇരകൾ.മകളുടെ വിവാഹത്തിനുള്ള സ്വർണാഭരണം വിലകുറച്ച് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് 2017ൽ സുരേഷ് കുമാറിനെ കബളിപ്പിച്ചത്.
ബംഗളൂരുവിൽ അഭിഭാഷകയാണെന്നും കസ്റ്റംസുമായി ബന്ധപ്പെട്ട കേസുകൾക്കുൾപ്പെടെ കോടതിയിൽ ഹാജരാകുന്ന തന്റെ പക്കലുള്ള രണ്ട് സ്വർണ ബിസ്കറ്റുകൾ കോഴിക്കോട്ടെ ജ്വല്ലറി ഉടമ സേതുമാധവനെ ഏൽപിച്ചിട്ടുണ്ടെന്നും ഇവർ വിശ്വസിപ്പിച്ചു. സേതുമാധവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 1.30 ലക്ഷം രൂപ അയച്ചാൽ പവന് 10,000 രൂപ വിലക്കുറവിൽ സ്വർണാഭരണം കടമായെടുക്കാമെന്നും പറഞ്ഞു.
ഇതോടെ സുരേഷ് 85,000 രൂപ അക്കൗണ്ടിലേക്ക് അയച്ചു. ബാക്കി തുകയിലേക്ക് കൈയിലുണ്ടായിരുന്ന രണ്ട് സ്വർണ മോതിരം നുസ്രത്ത് ഊരി വാങ്ങുകയും ചെയ്തു. അന്ന് കോഴിക്കോട് രാജാജി റോഡിലെ ലോഡ്ജിൽ രണ്ട് ചെറിയ കുട്ടികൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
പണം കൈപ്പറ്റിയ പാടെ രണ്ടുദിവസത്തെ സന്ദർശനത്തിന് ബംഗളൂരുവിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. ഈ തട്ടിപ്പിൽ നുസ്രത്തിന്റെ അന്നത്തെ ഭർത്താവ് സിബി, ജ്വല്ലറി ഉടമയെന്ന വ്യാജേന പണം വാങ്ങിയ സേതുമാധവൻ എന്നിവരെ അന്നത്തെ കസബ ഇൻസ്പെക്ടർ പി. പ്രമോദ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കള്ളക്കേസ് എന്നു പറഞ്ഞ് നുസ്രത്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളി. പിന്നീട് അന്വേഷണം നിലച്ചു. കഴിഞ്ഞ വർഷം കേസിൽ പുനരന്വേഷണം നടന്നെങ്കിലും അറസ്റ്റുണ്ടായില്ല.
മകൾക്ക് ബംഗളൂരുവിൽ മെഡിക്കൽ സീറ്റ് വാങ്ങിത്തരാമെന്നു പറഞ്ഞാണ് പാണ്ടിക്കാട്ടെ ഡോക്ടറിൽ നിന്ന് എട്ടുലക്ഷം രൂപ ഇവർ തട്ടിയത്. വാടകക്കെടുത്ത കാർ സ്വന്തം കാറാണെന്ന് പറഞ്ഞ് വില്പന നടത്തിയാണ് എടവണ്ണപ്പാറയിലെ അഭിഭാഷകനിൽനിന്ന് 30,000 രൂപ വാങ്ങിയത്. 10,000 രൂപ അഡ്വാൻസ് നൽകി ഒന്നരലക്ഷം രൂപയുടെ ഫർണിച്ചർ വാങ്ങി കുറ്റിക്കാട്ടൂരിലെ വ്യാപാരി നിസാറിനെയും ബംഗളൂരുവിലെ മൂന്നുകോടി വിലവരുന്ന വീട് വിറ്റ് മടക്കി നൽകാമെന്നുപറഞ്ഞ് 4.85 ലക്ഷം രൂപ കോഴിക്കോട് ജയിൽ റോഡ് സ്വദേശി എൻ.എം. ഖദീജയെയും കബളിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.