കോഴിക്കോട്: മുസ് ലിം ലീഗിന്‍റെ മുഖപത്രമായ ചന്ദ്രികയുടെ സബ് എഡിറ്റർ സ്ഥാനത്തു നിന്ന് തുടങ്ങി പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ വ്യക്തിയാണ് ഇ. അഹമ്മദ്. ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെയും ജി.എം ബനാത്ത് വാലയുടെയും പിൻഗാമിയായാണ് അഹമ്മദ് പാർട്ടി ഏൽപിച്ച ഡൽഹി -ദൗത്യം ഏറ്റെടുത്തത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾക്കും ഇബ്രാഹിം സുലൈമാൻ സേട്ടിനും ശേഷം കേരളത്തിൽ നിന്ന് ലീഗ് ദേശീയ അധ്യക്ഷനാകുന്ന മൂന്നാമനാണ് അഹമ്മദ്.
എം.എസ്.എഫിലൂടെ സാധാരണ പ്രവർത്തകനായാണ് അഹമ്മദിന്‍റെ രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം. കണ്ണൂർ സിറ്റിയിലെ മുക്കടവ് ശാഖയിലായിരുന്നു പ്രവർത്തനം. മുസ് ലിം വിദ്യാർഥി ഫെഡറേഷന്‍റെ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയും മലബാർ ജില്ലാ സെക്രട്ടറിയുമായി. മുക്കടവ് വാർഡിൽ നിന്ന് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് മുനിസിപ്പൽ ചെയർമാനായി. താവക്കര സബ് വേ ഉൾപ്പെെട നിരവധി വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു.
1967ൽ കണ്ണൂരിൽ നിന്ന് 29കാരനായ ഇ. അഹമ്മദ് നിയമസഭയിലെത്തുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 19 വർഷം നിയമസഭാ സമാജികനായി. 82 മുതൽ 87 വരെ സംസ്ഥാന വ്യവസായ മന്ത്രിയായി. എന്നാൽ, 1970ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ ലീഗിന്‍റെ തോൽവിയെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറിസ്ഥാനം പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോൾ അഹമ്മദ് ഇടക്കാലത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചു. കേന്ദ്രമന്ത്രിയെന്ന തിരക്ക് കാരണം പിന്നീട് പദവിയൊഴിഞ്ഞു. നിരവധി പാർലമെന്‍ററി സമിതികളിൽ അംഗമായിരുന്നു. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അഞ്ച് പ്രധാനമന്ത്രിമാരുടെ നിർദേശ പ്രകാരം തുടർച്ചയായി ആറു തവണ അംഗമായി റെക്കോർഡിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.