സംസ്ഥാനത്ത് റീസര്‍വേ പുനരാരംഭിക്കാന്‍ തീരുമാനം; പദ്ധതി തയാറാക്കാനുള്ള ചുമതല ഡയറക്ടര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 2012ല്‍ നിര്‍ത്തിവെച്ച റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ജനുവരിയില്‍ പുനരാരംഭിക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍െറ അധ്യക്ഷതയില്‍ സര്‍വേ ആസ്ഥാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെ സംഘനാപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പ്രവര്‍ത്തന പദ്ധതി തയാറാക്കാന്‍ സര്‍വേ ഡയറക്ടര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി. ഏറ്റവും കുറവ് റീസര്‍വേ നടന്ന കാസര്‍കോട്ടും 2017ല്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ച ഇടുക്കിയിലുമാണ് ആദ്യ പ്രവര്‍ത്തനം. ഇടുക്കിയില്‍ ഇപ്പോള്‍ 80 ശതമാനത്തോളം റീസര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ റീസര്‍വേ ഉദ്യോഗസ്ഥരെ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഇക്കാര്യത്തില്‍ ജനങ്ങളില്‍ ‘ഭൂ സാക്ഷരതാ കാമ്പയിന്‍’ നടത്താനാണ് തീരുമാനം. ഓരോ വില്ളേജിലും നിശ്ചിത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ച് സമയബന്ധിതമായി സര്‍വേ പൂര്‍ത്തിയാക്കും.

1965ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് സംസ്ഥാനത്ത് റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, റീസര്‍വേ പൂര്‍ത്തിയാക്കിയ വില്ളേജുകളില്‍ പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് 2012ലെ ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറക്ക് സ്വകാര്യ ഭൂമിയിലുമായി റീസര്‍വേ നിജപ്പെടുത്തിയത്. റീസര്‍വേയിലെ അപാകതമൂലം പലയിടത്തും ജനങ്ങള്‍ക്ക് നികുതിയടക്കാന്‍ കഴിയുന്നില്ല. അത് പരിഹരിക്കും. റീസര്‍വേ പൂര്‍ത്തിയായ വില്ളേജുകളില്‍ താലൂക്ക് ഓഫിസുകള്‍ വഴി 6.85 ലക്ഷം പരാതികളാണ് ലഭിച്ചത്. 5.86 ലക്ഷം പരാതികളില്‍ തീര്‍പ്പായി. 99,115 പരാതികള്‍ തീര്‍പ്പാകേണ്ടതുണ്ട്. അതിന് പ്രത്യേക സംവിധാനമൊരുക്കും. ജി.പി.എസ്, ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ (ഇ.ടി.എസ്) എന്നിവ ഉപയോഗിച്ചാണ് സര്‍വേ നടത്തുക. കമ്പ്യൂട്ടര്‍ സഹായത്തോടെ റെക്കോഡുകള്‍ തയാറാക്കാന്‍ സര്‍വേ ജീവനക്കാരെ ചുമതലപ്പെടുത്തി. നേരത്തേ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 150ഓളം വില്ളേജുകളുടെ റീസര്‍വേ റെക്കോഡുകള്‍ തയാറാക്കി റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. 1,664 വില്ളേജുകളില്‍ 881 ഇടത്ത് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു.

സര്‍ക്കാറിന്‍െറ മുന്‍ഗണന പ്രോജക്ടുകളുടെ സര്‍വേ ജോലികള്‍ക്ക് വകുപ്പിലെ ജീവനക്കാരെ ഡെപ്യൂട്ടേഷനിലും വര്‍ക്കിങ് അറേഞ്ച്മെന്‍റിലും നിയോഗിച്ചതോടെയാണ് റീസര്‍വേ പ്രവര്‍ത്തനം താളംതെറ്റിയത്. ഇത് പുനരാരംഭിക്കുമ്പോള്‍ ഈ ജീവനക്കാരുടെ സേവനം കൂടി പ്രയോജനപ്പെടുത്തും. റീസര്‍വേ നടത്തിയ പ്രദേശങ്ങളില്‍ പേരുമാറ്റം, ഇനംമാറ്റം, വിസ്തീര്‍ണ വ്യത്യാസം സംബന്ധിച്ച പരാതികള്‍ പരിഹരിക്കും. സര്‍വേ ഡയറക്ടര്‍ തലത്തില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

 

Tags:    
News Summary - E. Chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.