കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിലെ ഓൺലൈൻ പോസ്റ്റ്മെട്രിക് വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാൻറ്സിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റിനെക്കുറിച്ച് വ്യാപക പരാതി. ഈ വർഷം പുതുതായി വികസിപ്പിച്ചെടുത്ത www.egrantz.kerala.gov.in എന്ന സൈറ്റിനെക്കുറിച്ചാണ് അപേക്ഷകരും ഉദ്യോഗസ്ഥരും ഒരുപോലെ പരാതിപ്പെടുന്നത്.
വേഗത വളരെ കുറഞ്ഞ ഇ-ഗ്രാൻറ്സ് സൈറ്റ് അപേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലാണ് തയാറാക്കിയിട്ടുള്ളത്. മിക്ക സമയത്തും അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങൾ ചേർത്തുകഴിഞ്ഞാൽ സേവ് ചെയ്യാൻ സാധിക്കാറില്ല. പിന്നെയും ഏറെ സമയമെടുത്ത് വിവരങ്ങൾ നൽകണം. അപേക്ഷകന് ‘ഭാഗ്യമുണ്ടെങ്കിൽ’ ഓൺലൈൻ അപേക്ഷ സമർപ്പിക്കപ്പെടും. മണിക്കൂറുകളാണ് വിദ്യാർഥികൾക്ക് ഇ-ഗ്രാൻറ്സ് അപേക്ഷിക്കുന്നതിനായി നഷ്ടപ്പെടുന്നത്. അക്ഷയ സെൻററിലേക്ക് രണ്ടും മൂന്നും തവണ ഇതേ ആവശ്യത്തിനായി വരേണ്ട ഗതികേടിലാണ് പലരും.
ഓൺലൈൻ അപേക്ഷക്കുശേഷം ഓരോ സ്ഥാപനത്തിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിഗത അപേക്ഷകൾ വെരിഫൈ ചെയ്ത് ജില്ല പട്ടികജാതി ഓഫിസിലേക്ക് സമർപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം അപേക്ഷയുടെ പ്രിൻറും സമർപ്പിക്കണം. വെബ്സൈറ്റ് സാങ്കേതിക തകരാർ ഇവർക്കും തലവേദനയാവുകയാണ്. ചില ദിവസങ്ങളിൽ രണ്ടോ മൂന്നോ വിദ്യാർഥികളുടെ അപേക്ഷകൾ മാത്രമേ പരിശോധിക്കാനാവുകയുള്ളൂ. ഇതുസംബന്ധിച്ച് വിവിധ ജില്ല പട്ടികജാതി ഓഫിസ് അധികൃതരും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം ജൂലൈയിൽ നൽകിയ അപേക്ഷകൾക്കുള്ള അനുമതി കിട്ടിയത് അടുത്തിടെയാണ്.
സംസ്ഥാന സർക്കാറിനു കീഴിലെ സി.ഡിറ്റ് ആണ് വെബ്സൈറ്റ് വികസിപ്പിച്ചത്. മുമ്പ് പ്രവർത്തിച്ചിരുന്ന ഇ-ഗ്രാൻറ്സ് സൈറ്റിനെക്കുറിച്ച് പരാതികളൊന്നുമുണ്ടായിരുന്നില്ല. മാത്രവുമല്ല, വിവരസാങ്കേതിക വിദ്യയിലെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് ദേശീയ അവാർഡും ഈ വെബ്സൈറ്റ് നേടിയിരുന്നു. എന്നാൽ, നിസ്സാരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പുതിയ സോഫ്റ്റ്വെയർ തയാറാക്കാനുള്ള അനുമതി കൊടുത്തതെന്ന് ആക്ഷേപമുണ്ട്. പിഴവ് പരിഹരിക്കുന്നതിനു പകരം പുതിയ സൈറ്റ് വികസിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, വെബ്സൈറ്റ് വെർഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതുമൂലമാണ് സാങ്കേതിക തകരാറെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.