കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് സി.പി.എം നേതാവ് ടി.കെ. ഹംസ. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് ടി.കെ. ഹംസയുടെ രാജി. പ്രായാധിക്യം കണക്കിലെടുത്ത് പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്നും മന്ത്രി അബ്ദുറഹ്മാനുമായി അഭിപ്രായഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
80 വയസ് കഴിഞ്ഞാൽ പദവികളിൽ തുടരുന്നതിന് പാർട്ടി ഇളവ് നൽകാറുണ്ട്. അതേത്തുടർന്നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് രണ്ടരവർഷം ഞാൻ തുടർന്നത്. ഇപ്പോൾ 86 വയസ്സായി. ഇളവ് നൽകുന്ന പ്രായപരിധിയും കഴിഞ്ഞിരിക്കുന്നു. ഇതേതുടർന്നാണ് പാർട്ടിയിൽ ചർച്ച ചെയ്ത് സ്ഥാനമൊഴിയാനുള്ള തീരുമാനമെടുത്തത്. ഇന്ന് വൈകുന്നേരം രാജിവെക്കും -ടി.കെ. ഹംസ പറഞ്ഞു. വഖഫ് ബോർഡ് യോഗം ഇന്ന് വൈകീട്ട് കോഴിക്കോട് ഓഫിസിൽ ചേരും.
വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനുമായി ഭിന്നത ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ചെയർമാൻ രാജിവെച്ചൊഴിയുന്നത്. മന്ത്രിയുടെ ഇടപെടലിൽ അതൃപ്തി പ്രകടിപ്പിച്ച് ടി.കെ. ഹംസ നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തെ കൈവിടുകയായിരുന്നുവെന്നാണ് സൂചന. മുതിർന്ന നേതാവായ ഹംസക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമ തർക്കം ബോർഡ്യോഗത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നതായി നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് കാണിച്ച് അംഗങ്ങളായ എം.സി. മായിൻ ഹാജി, പി. ഉബൈദുല്ല എം.എൽ.എ, പി.വി.സൈനുദ്ദീൻ എന്നിവർ നൽകിയ കത്ത് പരിഗണിച്ചാണ് ഇന്ന് ബോർഡ് യോഗം ചേരുന്നത്. വഖഫ് ബോർഡിന്‍റെ പ്രവർത്തനം സ്തംഭിക്കുന്ന സ്ഥിതിയിലേക്ക് തർക്കം വളർന്നതോടെ, സി.പി.എം നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് ഹംസ സ്ഥാനമൊഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.