‘ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍, പിന്നീട് ഹൈസ്പീഡിലേക്ക് മാറണം’; സിൽവർ ലൈനിൽ മാറ്റങ്ങൾ നിർദേശിച്ച് ഇ. ശ്രീധരന്റെ റിപ്പോർട്ട്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ കാര്യമായ മാറ്റം നിർദേശിക്കുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്രീധരൻ ബദൽ റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

സംസ്ഥാന സർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ഇതില്‍ പറയുന്നത്. നിലവിലെ പാതക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകാനാണ് കെ. റെയിലിന്റെ നിർദേശം. കേരളത്തില്‍ ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. കെ റെയിലിന്റെ അലൈൻമെന്റിലും അപാകതയുണ്ട്. അതുകൊണ്ട് നിലവിലെ ഡി.പി.ആറില്‍ മാറ്റം വേണം. ആദ്യം സെമി ഹൈസ്പീഡ് ട്രെയിന്‍ നടപ്പാക്കുകയും പിന്നീട് ഹൈസ്പീഡിലേക്ക് മാറുകയും ​വേണമെന്നും റിപ്പോർട്ടില്‍ നിർദേശിക്കുന്നു.

പുതിയ പാതയെ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിന് പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാകൂ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികമെന്നും റിപ്പോർട്ടിലുണ്ട്. കെ.വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനെ കണ്ടിരുന്നു. ഇതിന് ശേഷമാണ് മാറ്റങ്ങള്‍ നിർദേശിച്ചുള്ള റിപ്പോർട്ട് ശ്രീധരന്‍ നൽകിയത്. 

Tags:    
News Summary - E Sreedharan's report suggesting changes in the Silver Line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.