മുസ്ലിം സ്ഥാപനങ്ങള്‍ക്കുനേരേ പൊലീസ് വേട്ട –ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലിം സ്ഥാപനങ്ങള്‍ക്കുനേരെ പൊലീസ് വേട്ട നടക്കുന്നതായി മുസ്ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പരാതിപ്പെട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, സാദിക്കലി ശിഹാബ് തങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്.

മുസ്ലിം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ ക്രിമിനല്‍കേസില്‍ ഉള്‍പ്പെടുത്താന്‍ എന്‍.ഐ.എയും സംസ്ഥാന പൊലീസിലെ ചിലരും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. എന്‍.ഐ.എക്ക് ചില രഹസ്യ അജണ്ടകളുണ്ട്. പീസ് സ്കൂളുകള്‍ക്കെതിരെ ദുരാരോപണം ഉന്നയിച്ചാണ് നടത്തിപ്പുകാര്‍ക്കെതിരെ അന്യായമായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെട്ടിച്ചമച്ച കഥകളാണ് സ്കൂളുകള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന യാതൊന്നും അവിടെ നടക്കുന്നില്ളെന്ന് പഠിതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മതവിശ്വാസക്കാരും അവിടെ പഠിക്കുകയും തൊഴില്‍ചെയ്യുകയും ചെയ്യുന്നുണ്ട്.

 ഇതോടൊപ്പം ചില മതപണ്ഡിതന്മാര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കുറ്റവാളികളാക്കാന്‍ ശ്രമിക്കുന്നതായും സംഘം ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദത്തെ ഹനിക്കുന്നതും തീവ്രവാദത്തെ വളര്‍ത്തുന്നതുമായ ഏത് നീക്കത്തെയും എക്കാലവും ശക്തമായി എതിര്‍ക്കുന്ന രാഷ്ട്രീയധര്‍മമാണ് ലീഗ് സ്വീകരിച്ചിട്ടുള്ളത്.
 എന്നാല്‍ തീവ്രവാദത്തിന്‍െറ മറവില്‍ ന്യൂനപക്ഷ പീഡനം നടത്തുന്നതിനോട് യോജിപ്പില്ളെന്ന് കൂടിക്കാഴ്ചക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

തീവ്രവാദം നേരിടുന്നതിന്‍െറ പേരില്‍ ന്യൂനപക്ഷ പീഡനമാണ് നടക്കുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു.

 

Tags:    
News Summary - e t muhammed basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.