കൊച്ചി: ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈകോടതി. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിര്‍ബന്ധം ഏത് ആചാരത്തിന്റെ പേരിലാണെന്നും ഹൈകോടതി ചോദിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേ ആയിരുന്നു ഹൈകോടതിയുടെ ചോദ്യം. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്നും കോടതി ആവർത്തിച്ചു.
ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ ഇളവു തേടി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈകോടതി നിലപാട് കടുപ്പിച്ചത്. അനിവാര്യമായ ആചാരങ്ങളിലേ ഇളവുകൾ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി.
ആനകള്‍ തമ്മില്‍ നിശ്ചിത അകല പരിധി സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണ്. ആളുകളുടെ സുരക്ഷ പ്രധാനമാണ്. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നാണ് വ്യവസ്ഥ. ആനകള്‍ പരസ്പരം തൊട്ടുരുമ്മി നില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ആന പ്രേമികൾ ചങ്ങലയിൽ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു.
ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട എന്നല്ല മറിച്ച് മൂന്നുമീറ്റര്‍ അകലം ആനകള്‍ തമ്മില്‍ വേണമെന്ന വ്യവസ്ഥ മാറ്റേണ്ട പ്രത്യേക സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ദൂരപരിധി പാലിച്ചാല്‍ ഒൻപത് ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. എങ്കില്‍ ഒൻപത് ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു.
15 ആനകളെ തന്നെ എഴുന്നളളിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമാണെന്നും കോടതി ചോദിച്ചു. 15 ആനകളുടെ മാജിക് എന്താണ്?. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ടതാണ്. ആന എഴുന്നള്ളിപ്പ് ആചാരത്തിന്റെ ഭാഗമല്ല. മാര്‍ഗരേഖ പ്രകാരം 23 മീറ്ററിനുള്ളില്‍ നിര്‍ത്താവുന്ന ആനകളെ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.