സാമ്പത്തിക സംവരണത്തെ പിന്തുണച്ചും എതിർക്കുന്നവരെ അധിക്ഷേപിച്ചും സീറോ മലബാര്‍ സഭ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ദീപിക പത്രത്തിെൻറ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് നയംവ്യക്തമാക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളെ അവരവുടെ നിലപാടിെൻറ പേരിൽ പുകഴ്ത്തിയ ബിഷപ്പ് മുസ്ലംലീഗിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്ശത്തിെൻറ പേരിലല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിെൻറ നിലപാടിലെ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണെന്നും വിമര്‍ശനമുണ്ട്. ഇതോടൊപ്പം യു.ഡി.എഫ് ദുർബലമായെന്നും അദ്ദേഹം പറയുന്നു. സ്വന്തമായൊരു നിലപാട് പ്രഖ്യാപിക്കാൻ സാധിക്കാത്തവിധം യു.ഡി.എഫ് ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
'കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ? സാന്പത്തിക സംവരണത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാൻ സാധിക്കാത്തവിധം ഈ മുന്നണി ദുർബലമായിരിക്കുകയാണോ? മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അതിന്റെ ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാൻ സാധിക്കാത്തതെന്ത്? വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എംഎൽഎമാരുടെ മേൽ പാർട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്നു സംശയമുണ്ട്'-ബിഷപ്പ് കുറിച്ചു.
'ഇപ്പോൾ ജമാഅത്തെഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകൾക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്നു പറയുേമ്പാൾ ഇവരുടെ ഭീകരതയുടെ ആഴം മനസിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കും'-ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു.
പാർലമെൻറിൽൽ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വന്നപ്പോൾ മൂന്നുപേർ മാത്രമാണ് എതിർത്തതെന്നും അതിൽ രണ്ടുപേർ ലീഗിലുള്ളവരാമെന്നും ബിഷപ്പ് പറയുന്നു. 'പാർലമെൻറിൽൽ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വന്നപ്പോൾ കോണ്‍ഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ അതിനെ അനുകൂലിച്ചു. അന്ന് സന്നിഹിതരായിരുന്ന 326 അംഗങ്ങളിൽ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്തു. അന്ന് എതിർത്ത് വോട്ട് ചെയ്ത മൂന്നുപേർ മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎം(ഓൾ ഇന്ത്യ മജ്ലിസ് ഇത്തെഹാദുൾ മുസ്ലീമിൻ)ന്റെ ഒരംഗവും ആയിരുന്നു. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണ്'-ലേഖനം പറയുന്നു.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഗുണഫലം ചില സമുദായങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. 'സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികൾ ഏതാണ്ടു പൂർണമായും മുസ്ലം സമുദായത്തിനു വേണ്ടി മാത്രമാണ്. സ്കോളർഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളിൽ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾപോലും സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുേമ്പാൾ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നു'-അദ്ദേഹം എഴുതി.
ഇസ്ലാമിക മതപഠനത്തിന് സർക്കാർ സഹായം ലഭിക്കുന്നു, മറ്റ് സമുദായങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ഒരുകൂട്ടർ ശക്തമായി എതിർക്കുന്നു, സ്വന്തം സമുദായബോധം നല്ലതാണ്, എന്നാൽ അതു മറ്റു സമുദായങ്ങൾക്കു ദോഷകരമാകരുത് തുടങ്ങിയ സംഘപരിവാർ വാദങ്ങളും ബിഷപ്പ് ലേഖനത്തിൽ ആവർത്തിച്ചിട്ടുണ്ട്. 'സൗജന്യ കോച്ചിംഗ് സെന്ററുകൾ, മഹൽ സോഫ്റ്റ് തുടങ്ങിയ ധാരാളം സൗജന്യ പദ്ധതികൾ വേറെയും ഉണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ മതപഠനത്തിനു സർക്കാർ സഹായം ലഭിക്കുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്. ഇക്കാര്യങ്ങൾ നേടിക്കൊടുക്കുന്നതിൽ ലീഗ് ഉൾപ്പെടെ പുലർത്തിയ ജാഗ്രത മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതേസമയം, ഇവർ മറ്റു സമുദായങ്ങൾക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ശക്തമായി എതിർക്കുന്നു എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നത്? സ്വന്തം സമുദായബോധം നല്ലതാണ്, ആവശ്യവുമാണ്. എന്നാൽ അതു മറ്റു സമുദായങ്ങൾക്കു ദോഷകരമാകരുത്'-ജോസഫ് പെരുന്തോട്ടം കുറിച്ചു. ബി.ജെ.പി, സി.പി.എം, കോൺഗ്രസ് പാർട്ടികളെ ബിഷപ്പ് ലേഖനത്തിൽ പുകഴ്ത്തിയിട്ടുണ്ട്.
'രാജ്യത്തു സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്ത് 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. അവർ ഇക്കാര്യത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുതന്നെയാണു സാമ്പത്തിക സംവരണം ഇപ്പോൾ ഇന്ത്യയിൽ പ്രായോഗികമാകാൻ കാരണം'-അദ്ദേഹം പറയുന്നു.മുന്നാക്ക സംവരണത്തിൽ കോൺഗ്രസ് ബിജെപിയെക്കാൾ ഉദാരമായ നയം സ്വീകരിച്ചിട്ടുള്ളതായും ബിഷപ്പ് ചൂണ്ടിക്കാട്ടി.
'ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിനും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂർണമായ നിലപാടാണുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് 1992 ൽ നരസിംഹറാവു സർക്കാരാണ്. എന്നാൽ, ഭരണഘടനാ പരിരക്ഷ ലഭിക്കാതിരുന്നതു കാരണം ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതിയിൽ ഇതു പരാജയപ്പെടുകയാണുണ്ടായത്. തുടർന്നു സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി 2006 ൽ സിൻഹു കമ്മീഷനെ നിയമിച്ചത് മൻമോഹൻസിങ് സർക്കാരാണ്. കൂടാതെ ബിജെപി സർക്കാർ സാമ്പത്തിക സംവരണത്തിനായി പാർലമെന്റിൽ അവതരിപ്പിച്ച നൂറ്റിമൂന്നാം ഭരണഘടനാഭേദഗതി പാസായത് കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ എംപി മാരുടെയും പിന്തുണയോടുകൂടി തന്നെയാണ്. ഏറ്റവും കൗതുകകരമായ കാര്യം ബിജെപി യെക്കാൾ ഉദാരമായ നയം ഇക്കാര്യത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്'-അദ്ദേഹം കുറിച്ചു.
ജാതി- മതരഹിത സമൂഹങ്ങൾ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദർശമാണെന്നും അവരുടെ ഈ ആദർശങ്ങൾക്ക് എതിരല്ല സാമ്പത്തിക സംവരണം എന്നും ബിഷപ്പ് പറഞ്ഞു. 'ജാതി- മതരഹിത സമൂഹങ്ങൾ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദർശങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണല്ലോ. അവരുടെ ഈ ആദർശങ്ങൾക്ക് എതിരല്ല സാമ്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകൾക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു സാധിക്കുകയില്ല'.
രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലർത്തരുത്. തിരുത്താനുള്ള അവസരങ്ങൾ ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്ന് ഒാർമിപ്പിച്ചാണ് ലേഖനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.