െകാച്ചി: ജ്വല്ലറി വ്യവസായത്തെ കള്ളപ്പണ നിരോധന നിയമത്തിെൻറ (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് -പി.എം.എൽ.എ) പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിെൻറ തീരുമാനവും വ്യാപാരികൾക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സർക്കുലർ അയച്ചുതുടങ്ങിയതും സ്വർണ വ്യാപാര മേഖലയിൽ ആശങ്ക ഉയർത്തുന്നു. നിയമാനുസൃതം പ്രവർത്തിക്കുന്നവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സർക്കുലർ പിൻവലിക്കണമെന്നാണ് ആവശ്യം. സ്വർണക്കടത്തിെൻറ ചുരുളഴിക്കാൻ കഴിയാത്ത ഇ.ഡിയുടെ പുതിയ നീക്കം വ്യാപാരികളെയും ഉപഭോക്താക്കളെയും സംശയനിഴലിൽ നിർത്തുന്നതാണെന്നും വിമർശനമുണ്ട്.
നിലവിൽ കണക്കിൽപെടാത്ത പണമോ സ്വർണമോ വ്യാപാരിയുടെ പക്കൽ കണ്ടെത്തിയാൽ സർക്കാറിലേക്ക് 82.5 ശതമാനം പിഴയടച്ചാൽ മതിയാകും. പുതിയ നിയമം അനുസരിച്ച് ഇത്തരം പണവും സ്വർണവും സർക്കാറിലേക്ക് കണ്ടുകെട്ടുകയും ഉടമക്കും ജീവനക്കാർക്കും മൂന്ന് മുതൽ ഏഴുവർഷം വരെ തടവുശിക്ഷ വിധിക്കുകയും ചെയ്യും. ഒരു മാസം ഒന്നോ അതിലധികമോ തവണയായി 10 ലക്ഷമോ അതിനു മുകളിലോ രൂപയുടെ ഇടപാട് നടക്കുകയോ കണക്കിൽപെടാത്ത സ്റ്റോക് കണ്ടെത്തുകയോ ചെയ്താൽ ധനകാര്യ ഇൻറലിജൻസ് യൂനിറ്റിന് (എഫ്.ഐ.യു) റിപ്പോർട്ട് ചെയ്യണമെന്നാണ് ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങൾ, പൊലീസ്, ആദായനികുതി-ജി.എസ്.ടി വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവക്ക് കേന്ദ്രത്തിെൻറ പുതിയ നിർദേശം. ആവശ്യമെങ്കിൽ വ്യാപാരിയെ വിളിച്ചുവരുത്തി വിവരങ്ങൾ ആരായാനും തുടരന്വേഷത്തിന് ഇ.ഡിക്ക് കൈമാറാനും അധികാരമുണ്ട്. ഇതോടെ, അംഗീകൃത സ്വർണക്കടകളിൽനിന്ന് ആഭരണം വാങ്ങിയാൽ ഇ.ഡി നോട്ടീസ് തങ്ങൾക്കും ലഭിക്കുമോയെന്ന ആശങ്ക ഉപഭോക്താക്കളും പങ്കുെവക്കുന്നു.
നിയമപരമായി വ്യാപാരം നടത്തുന്നവരിൽനിന്ന് ഉപഭോക്താക്കളെ അകറ്റാനും അനധികൃത വ്യാപാരം പ്രോത്സാഹിപ്പിക്കാനുമേ നടപടി സഹായിക്കൂവെന്ന് ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സർക്കുലറിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തെ സമീപിക്കാനാണ് കൗൺസിൽ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.