കൊച്ചി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ നിരന്തരം സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ നൽകിയ ഹരജി ഹൈകോടതി തള്ളി. നിയമപരമായി നടക്കുന്ന ചോദ്യം ചെയ്യലുകളും അന്വേഷണവും നിരീക്ഷിക്കുന്നതും അന്വേഷണ നടപടികളിൽ ഇടപെടുന്നതും കോടതിയുടെ കർത്തവ്യമല്ലെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി. അരുണിെൻറ ഉത്തരവ്.
ഡിസംബർ 17ന് ഹാജരാകാൻ നിർദേശിച്ച് 12ന് സമൻസ് ലഭിച്ച സാഹചര്യത്തിലാണ് രവീന്ദ്രൻ ഹരജിയുമായി കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യാനും അന്വേഷണത്തിനുമുള്ള ഇ.ഡിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും രോഗാവസ്ഥയും ക്ഷീണവും പരിഗണിക്കാതെ സ്വേച്ഛാപരവും ദുരുദ്ദേശ്യപരവുമായ രീതിയിൽ തുടർച്ചയായി ഹാജരാകാൻ നോട്ടീസ് അയച്ച് അധികാരം വിനിയോഗിക്കുന്ന രീതിയെയാണ് ചോദ്യം ചെയ്യുന്നതെന്നായിരുന്നു ഹരജിക്കാരെൻറ അഭിഭാഷകെൻറ വാദം. ഏറെ നേരം ചോദ്യം ചെയ്ത് നിർബന്ധപൂർവം തനിക്കെതിരെയോ മറ്റാർക്കെങ്കിലുമെതിരെയോ മൊഴി രേഖപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും വ്യക്തമാക്കി. അതിനാൽ, അഭിഭാഷക സാന്നിധ്യത്തിൽ ഹാജരാകാനോ ചോദ്യം ചെയ്യലിന് നിശ്ചിത സമയപരിധി നിശ്ചയിക്കാനോ നിർദേശിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, നിയമപരമായി നോട്ടീസ് നൽകി നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി നിലനിൽക്കില്ലെന്ന് ഇ.ഡിക്ക് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാട്ടി. െവറും ആശങ്കയുടെ പേരിലുള്ള ഹരജി അപക്വമാണെന്നും വ്യക്തമാക്കി.
മൂന്ന് തവണ സമൻസ് അയച്ചുവെന്നത് കൊണ്ട് സ്വന്തം തീരുമാനത്തിനെതിരെ സ്വമേധയാ തനിക്കെതിെരയോ മറ്റുള്ളവർക്കെതിരേയോ മൊഴി കൊടുക്കാൻ നിർബന്ധിതമാവുമെന്ന ഭയത്തിന് അടിസ്ഥാനമില്ല. ഹരജിക്കാരെൻറ സൗകര്യം കാത്ത് അനിശ്ചിതമായി സമയം നീട്ടിക്കൊണ്ടു പോകാനും നടപടിക്രമങ്ങൾ നീട്ടിവെക്കാനും ഇ.ഡിക്ക് കഴിയില്ല. അതിനാൽ, സുപ്രീം കോടതി വ്യക്തമാക്കിയ പോലെ അന്വേഷണം നിരീക്ഷിക്കാനും എവിടെ എപ്പോൾ ഏത് രീതിയിൽ ചോദ്യം ചെയ്യണമെന്ന് നിർദേശിക്കാനും കോടതിക്ക് കഴിയില്ല. ഇത്തരം കാര്യങ്ങൾ അന്വേഷണ ഏജൻസിയുടെ വിവേചനാധികാരത്തിൽപ്പെട്ടതാണ്.
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്വേഷണം തടയാൻ ശ്രമിക്കുന്നത് എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നുവെന്ന തോന്നലുണ്ടാക്കുമെന്ന വീർഭദ്ര കേസിലെ സുപ്രീം കോടതി നിരീക്ഷണം കൂടി പരാമർശിച്ചാണ് രവീന്ദ്രെൻറ ഹരജി സിംഗിൾബെഞ്ച് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.