സി.എസ്.ഐ സഭയുടെ ആസ്ഥാനത്ത് കേന്ദ്രസർക്കാർ ഇ.ഡിയെ ഉപയോഗിച്ചു നടത്തുന്ന വ്യാപകമായ റെയ്ഡ് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള രാഷ്ട്രീയ വെല്ലുവിളിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി ഭീതി സൃഷ്ടിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ വിലകുറഞ്ഞ ഫാസിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന ഇ.ഡിയുടെ ഇടപെടലുകൾ. തിരുവനന്തപുരം ലോക്സഭാ മണ്ഡലമാണ് ഈ നീക്കത്തിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്.
അധികാരത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി രാജ്യത്തെ സാമൂഹിക പ്രവർത്തകരോടും സമുദായ നേതാക്കളോടും രാഷ്ട്രീയ സംഘടനകളോടും വിലപേശാനും ഭീഷണിപ്പെടുത്താനുമാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. സി.എസ്.ഐ സഭ ആസ്ഥാനത്തും ബന്ധപ്പെട്ട റെയ്ഡ് നടത്തുന്നതിലൂടെ സഭക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാനും രാഷ്ട്രീയ ലാഭം കൊയ്യാനുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.
ശിവസേന അടക്കമുള്ള വിവിധ രാഷ്ട്രീയ സംഘടനകളെ പിളർത്തി ഒരു വിഭാഗത്തെ അടർത്തിയെടുത്ത അതേ കുതന്ത്രമാണ് ഇവിടെയും പുലർത്തുന്നത്. അല്ലാതെ അഴിമതി വിരുദ്ധതയല്ല. ഫാസിസ്റ്റ് സർക്കാറിനോട് അനുകൂല സമീപനം സ്വീകരിക്കാത്തവരെ ഭരണകൂടത്തിന്റെ അമിതാധികാരം ഉപയോഗിച്ച് ആക്രമിക്കാനും തടവറയിലാക്കാനും നടത്തുന്ന ഹിന്ദുത്വ ഗൂഢാലോചന കേരളീയ സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.