സി.പി.എം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങൾ ഇ.ഡി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി

കൊച്ചി: തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​​ (ഇ.ഡി) കൈമാറിയത് സി.പി.എം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച്​ അക്കൗണ്ട് വിവരങ്ങൾ. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്​. കേസിൽ സി.പി.എം നേതാക്കളായ എം.കെ കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക്​ രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസിനെ മൂന്നാംവട്ടവും വിളിപ്പിച്ചിട്ടുണ്ട്​. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സി.പി.എം വിശദീകരണം.

ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമീഷൻ ചട്ടപ്രകാരവും രാഷ്ട്രീയ പാർട്ടികൾ അവരുടെ അക്കൗണ്ട് ഓഡിറ്റ് ചെയ്ത്​ വിവരങ്ങൾ ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും നൽകേണ്ടതുണ്ട്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ സി.പി.എം പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ പേരിൽ അഞ്ച്​ അക്കൗണ്ടുണ്ട്. എന്നാൽ, ഉന്നത നേതാക്കളടക്കം കൈകാര്യം ചെയ്ത ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിരുന്നില്ല. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സി.പി.എം നേതാക്കൾ മറച്ചുവെച്ചുവെന്നാണ് ഇ.ഡി പറയുന്നത്. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനായിരുന്നു ഇതെന്നും ഇതിന്‍റെ വിവരങ്ങളാണ് കമീഷന്​ കൈമാറിയതെന്നും ഇ.ഡി വിശദീകരിക്കുന്നു.

ജില്ല സെക്രട്ടറി എം.എം. വർഗീസ്, എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ അടക്കം തൃശൂർ ജില്ലയിലെ ഉന്നത സി.പി.എം നേതാക്കൾക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നും നേതാക്കളിൽനിന്ന് ഈ വിവരങ്ങൾ തേടേണ്ടതുണ്ടെന്നുമാണ് ഇ.ഡിയുടെ പക്ഷം. കെ.വൈ.സി അടക്കം ഇല്ലാതെ അക്കൗണ്ട് തുറന്നത് എങ്ങനെയെന്നും ഇ.ഡി ചോദിക്കുന്നു. വാർഷിക ഓഡിറ്റിങ്ങിൽ കരുവന്നൂരിലെ എല്ലാ ക്രമക്കേടും കണ്ടെത്തിയിട്ടും അത് മൂടിവെച്ച സഹകരണ രജിസ്ട്രാർക്കും ഇതിൽ പങ്കുണ്ടെന്നാണ് ഇ.ഡി നിഗമനം. 

Tags:    
News Summary - ED set to lock CPM; 'Secret' account details handed over to Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.