'പരസ്പരസ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ കൂടിയാണ് കലോത്സവങ്ങൾ; സ്കൂൾ വിദ്യാഭ്യാസത്തോടെ കലാപ്രവർത്തനം അവസാനിപ്പിക്കരുത്'

തിരുവനന്തപുരം: പരസ്പരസ്നേഹവും സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാൻ കൂടിയാണ് കലോത്സവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 63ാമത് സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ 'എം.ടി-നിള'യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപ്രതിഭകൾ സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ കലാപ്രവർത്തനം അവസാനിപ്പിക്കുന്ന രീതിയുണ്ട്. നമ്മുടെ പല പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും പിന്നീടുള്ള ജീവിതം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഈ വിഷയം ഗൗരവമായി കലാകേരളം ചർച്ച ചെയ്യണം. അവരെ കണ്ടെത്തി കലാകേരളത്തിനു മുതൽക്കൂട്ടാക്കാനുള്ള ശ്രമങ്ങൾ കൂട്ടായി നടത്തേണ്ടതുണ്ട്. സർക്കാർ അക്കാര്യത്തിൽ ശ്രദ്ധ വെക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാകുന്നവരാണ് കലോത്സവത്തിൽ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവ വേദികളിൽ മാറ്റുരച്ച നിരവധി പ്രതിഭകൾ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ പിന്നീട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹദ്പാരമ്പര്യം ഉൾക്കൊണ്ടുവേണം ഈ കലോത്സവങ്ങളിൽ പങ്കെടുക്കാൻ.

മനുഷ്യർ പൊതുവെ ഉത്സവപ്രിയരാണ്. ജീവിതദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോൾ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങൾക്കും സാമൂഹ്യവ്യവസ്ഥാ മാറ്റങ്ങൾക്കും വഴിവെച്ചിട്ടുള്ളത് എന്നതിനു ലോകചരിത്രത്തിൽ തന്നെ എത്രയോ ഉദാഹരണങ്ങളാണുള്ളത്.

പഠനപ്രക്രിയയ്ക്കു പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവർത്തനങ്ങളെന്ന കാഴ്ചപ്പാടിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല, മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന്റെ തന്നെയും സർവ്വതല സ്പർശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

രോഗാതുരമാവുന്ന മനുഷ്യമനസ്സിനെ ചികിത്സിക്കാൻ ഏറ്റവും ഉത്തമമായ ഔഷധം കലയാണ്. കലയിലൂടെ മനുഷ്യരാശിക്കു നഷ്ടപ്പെടുന്ന നന്മ വീണ്ടെടുക്കാനാവും. വിദ്യാഭ്യാസത്തിൽ കലയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുക വഴി വ്യക്തികളിലെ ക്രിയാത്മകത വർധിപ്പിക്കാൻ സാധിക്കും.

എന്നാലതേസമയം, നല്ല കലാരൂപങ്ങളും അതിന്റെ സൃഷ്ടാക്കളും പല കാലത്തും ആക്രമണത്തിനു വിധേയമായിട്ടുണ്ട്. ഇതിനു വേണ്ടുവോളം ഉദാഹരണങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. ഫ്യൂഡൽ വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച തോപ്പിൽ ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിനെതിരെ എത്രയോ ആക്രമണങ്ങൾ നടന്നു. അതിൽ മനസ്സുമടുത്ത് കലാപ്രവർത്തനം നിർത്തിയില്ല ആ കലാകാരന്മാർ. ഇതു പറയുന്നത് കലാരംഗത്തെ പ്രവർത്തനങ്ങൾ ആയാസരഹിതമായോ ത്യാഗമാവശ്യമില്ലാത്തവയോ അല്ല എന്നു സൂചിപ്പിക്കാനാണ്. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളെ മനസ്സു തളരാതെ അതിജീവിക്കാൻ വേണ്ട മനോബലം കൂടി കലാരംഗത്തേക്കു കടക്കുന്നവർ ആർജിക്കണം -മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Kerala State School Kalolsavam 2025 inaugural speech chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.