കൊച്ചി: നിയമസഭയിൽ വെച്ചിട്ടില്ലാത്ത സി.എ.ജി റിപ്പോർട്ടിൻമേൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതിനെതിരെ സ്പീക്കർക്ക് അവകാശ ലംഘനം ഉന്നയിച്ച് പരാതി നൽകിയതായി എം. സ്വരാജ് എൽ.എൽ.എ അറിയിച്ചു. കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഇ.ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നു. അത് നിയമസഭയുടെ അവകാശങ്ങളിൽമേലുള്ള കടന്നുകയറ്റമാണ്.
കേന്ദ്ര ഏജൻസികൾ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത ദാസ്യവേലയാണ്. സി.എ.ജി റിപ്പോർട്ട് തയാറായാൽ അതിനുമേൽ നിയമസഭക്ക് അവകാശമുണ്ട്. സഭയാണ് അത് പരിശോധിക്കേണ്ടത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനക്കും വിധേയമാകണം. അതിനെല്ലാം ശേഷമാണ് അത് പൊതു ഡോക്യുമെൻറായിട്ട് മാറുക. നിയമസഭയിൽ വെച്ചിട്ടില്ലാത്ത, പി.എ.സി പരിശോധിച്ചിട്ടില്ലാത്ത സി.എ.ജി റിപ്പോർട്ടിൻമേൽ പരിശോധന നടത്തി നടപടിയിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞാൽ അത് നിയമസഭയുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്.
സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിന്യായത്തിൽ പറയുന്നത്, റിപ്പോർട്ട് സഭാ ചർച്ചകൾക്ക് വിധേയമാണെന്നാണ്. പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചർച്ചകൾക്കും വിധേയമാക്കണം. അതിൽ സർക്കാറിെൻറ വിശദീകരണം നൽകാൻ അവസരമുണ്ട്. അതിനുശേഷം റിപ്പോർട്ട് സ്വീകരിക്കണമോ എന്ന് തീരുമാനിക്കാം.
നിയമസഭയുടെ അവകാശങ്ങളിൻമേൽ ഒരു ഏജൻസി കടന്നുകയറുന്നത് നോക്കിയിരിക്കാനാവില്ല. രാഷ്ട്രീയ വിധേയത്വവും താൽപ്പര്യവും കാരണം ആത്മാഭിമാനമുള്ളവർക്ക് ജോലി ചെയ്യാനാവാത്ത അടിമത്താവളമായി ഇ.ഡിയും കേന്ദ്ര ഏജൻസികളും മാറിയിരിക്കുന്നു. ഈ രീതിയിൽ അവയെ മുേമ്പാട്ടുപോകാൻ അനുവദിക്കാനാവില്ല.
അവിശ്വസനീയ നേട്ടങ്ങളാണ് എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. അതിനാൽ തന്നെ യു.ഡി.എഫ് നേതൃത്വം ഭാവി തകർന്നെന്ന ആശങ്കയിലാണ്. ദുരന്തങ്ങളിൽ പ്രതീക്ഷയർപ്പിക്കേണ്ട നിസ്സഹായതയിലേക്ക് യു.ഡി.എഫും കോൺഗ്രസും മാറിയിരിക്കുന്നു. സർക്കാറിനെ വേട്ടയാടാൻ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ സഖ്യം രൂപപ്പെട്ടിരിക്കുന്നു. ഈ കൂട്ടുകെട്ടിെൻറ ഉൗർജത്തിലാണ് കേന്ദ്ര ഏജൻസികൾ പെരുമാറുന്നതെന്നും സ്വരാജ് പറഞ്ഞു.
പൊലീസ് ആക്ട് ഭേദഗതിയെ സംബന്ധിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ടെന്നും അത് പരിഗണിക്കണമെന്നും അത്തരം നീക്കം പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.