വിദ്യാഭ്യാസമന്ത്രി വഴങ്ങി; പരീക്ഷ ഓണ്‍ലൈന്‍ ചോദ്യപേപ്പറില്‍ തന്നെ


തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് മാറ്റിവെച്ച ഒന്നും മൂന്നും സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ ഡിസംബര്‍ 13ന് തുടങ്ങാന്‍ തീരുമാനം.
ചോദ്യപേപ്പറുകള്‍ ഓണ്‍ലൈന്‍ രീതിയില്‍ അയക്കാനുള്ള സര്‍വകലാശാലതീരുമാനം മന്ത്രി അംഗീകരിച്ചതോടെയാണ് പരീക്ഷയുടെ പുതുക്കിയ തിയതി സര്‍വകലാശാല പ്രഖ്യാപിച്ചത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ ജനുവരി മൂന്നിന് ഡിസംബര്‍ 13ന് തുടങ്ങും. ഡിസംബര്‍ 14ന് മൂന്നാം സെമസ്റ്റര്‍ പരീക്ഷയും. ഉച്ചക്ക് ശേഷമാണ് പരീക്ഷ.  

ഒന്നാം സെമസ്റ്റര്‍ സപ്ളിമെന്‍ററി പരീക്ഷ എഴുതുന്ന മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് ദിവസം ഒരു പരീക്ഷ വരുന്ന രൂപത്തിലാണ് ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്.

സപ്ളിമെന്‍ററി പരീക്ഷ എഴുതുന്നവര്‍ക്ക് ഒരു ദിവസം രണ്ട് പരീക്ഷ എഴുതേണ്ടിവരുന്ന രൂപത്തിലുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചത് എസ്.എഫ്.ഐയുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

ഓണ്‍ലൈന്‍ രീതിയില്‍ ചോദ്യപേപ്പര്‍ അയക്കുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് പരീക്ഷ മാറ്റിവെക്കാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്ക് കത്ത് നല്‍കി.
ഡിസംബര്‍ രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ തലേദിവസം സര്‍വകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി അനിശ്ചിതകാലത്തേക്ക് മാറ്റി.
ഓണ്‍ലൈന്‍ രീതിയില്‍ ചോദ്യപേപ്പര്‍ അയക്കുന്നതിന് പകരം ചോദ്യപേപ്പര്‍ അച്ചടിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന രീതിയാക്കാനും തീരുമാനിച്ചു.

മൂന്ന് തവണ സപ്ളിമെന്‍ററി പരീക്ഷ നടത്തിയിട്ടും വിജയിക്കാത്ത ഏതാനും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ മാറ്റാന്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ടത് വിമര്‍ശനവിധേയമാവുകയും ചെയ്തു.
ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളെതുടര്‍ന്നും വിദ്യാര്‍ഥികളില്‍ നിന്നും രക്ഷാകര്‍ത്താക്കളില്‍ നിന്നും ഉയര്‍ന്ന ആശങ്കകളുടെ പശ്ചാത്തലത്തിലും വിദ്യാഭ്യാസമന്ത്രി പരീക്ഷ ഉടന്‍ നടത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ക്ക് വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

 

Tags:    
News Summary - education minister give permission for the online exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.