സ്ത്രീസൗഹൃദ ബൂത്തുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് വോട്ടിങ് അനുഭവം മികച്ചതാക്കണമെന്ന് സഞ്ജയ് കൗള്‍

തിരുവനന്തപുരം: കൂടുതല്‍ സ്ത്രീസൗഹൃദ ബൂത്തുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് വോട്ടിങ് അനുഭവം മികച്ചതാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ എന്‍. ദേവിദാസുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്തുകളിലെ ക്യൂ നീണ്ടുപോകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. ആര്‍ക്കും വോട്ടുചെയ്യാന്‍ അധികനേരം കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബൂത്തുകളും നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണം. ബൂത്തുതലത്തില്‍ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപകരിക്കും.

ഭിന്നശേഷിക്കാര്‍ക്കുള്ള റാംപുകള്‍, കുടിവെള്ളം വൈദ്യുതി തുടങ്ങിയവ ഉറപ്പു വരുത്തണം. കൂടാതെ ബൂത്തുലവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തി പരിശോധന നടത്തണം. കിഴക്കന്‍ മലയോര പ്രദേശമായ പുനലൂര്‍ മണ്ഡലത്തില്‍ വോട്ടിങ് വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. വനപ്രദേശം, സെറ്റില്‍മെന്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനം ഫലപ്രദമാക്കണം. ആവശ്യമെങ്കില്‍ അവസാനവട്ട പരിശീലനങ്ങള്‍ നല്‍കണം. വോട്ടര്‍പട്ടികയുടെ കൃത്യത ഉറപ്പു വരുത്താന്‍ ബി.എല്‍.ഒമാര്‍ പരിശോധന നടത്തണമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിറ്റി പൊലീസ് കമീഷണര്‍ വിവേക് കുമാര്‍, റൂറല്‍ എസ്.പി സാബു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എ.ഡി.എം.സി.എസ് അനില്‍, എന്‍.ഐ.സി ഓഫീസര്‍ ജിജി ജോര്‍ജ്,  -.ആര്‍.ഒ മാരായ തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Efforts should be made to improve the voting experience in the district- Sanjay Kaul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.