ചിതറിപ്പോയവർ മണ്ണിലേക്ക് മടങ്ങി; തി​രി​ച്ച​റി​യാ​ത്ത എ​ട്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ പു​ത്തു​മ​ല​യി​ൽ സം​സ്ക​രി​ച്ചു

പുത്തുമല: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്‍റ് സ്ഥലത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്.

മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാര സ്ഥലമായ പുത്തുമലയിലെ പ്രത്യേകം ഒരുക്കിയ പന്തലിൽ എത്തിച്ചു. തുടർന്ന് ചൂരൽമല സെന്‍റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാ മസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി എന്നിവരുടെ കാർമികത്വത്തിൽ പ്രാർഥനകൾ നടന്നു. തുടർന്ന് മൃതദേഹങ്ങൾ സംസ്കരിച്ചു.

മന്ത്രിമാരായ ഒ.ആർ. കേളു, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, ടി. സിദ്ദീഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, സ്പെഷ്യൽ ഓഫീസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മത നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേർ സംസ്കാര സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു.

തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് മൃതദേഹങ്ങൾ കൽപറ്റ പൊതുശ്മശാനത്തിൽ ഇന്നലെ സംസ്കരിച്ചു. രണ്ടാം ഘട്ടമായാണ് എട്ടു പേരുടേത് ഇന്ന് പുത്തുമലയിൽ സംസ്കരിച്ചത്. നിലവില്‍ 32 കുഴികള്‍ ഇതിനകം എടുത്തിട്ടുണ്ട്. 2019ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലമാണ് പുത്തുമല.

മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ദുരന്തമേഖലയില്‍ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു.

അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്.

അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്തപരിശോധനക്ക് തയാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്തബന്ധുക്കളുടെ സാമ്പിളാണ് പരിശോധനക്ക് എടുക്കുന്നത്.

Tags:    
News Summary - Wayanad Landslide: Eight dead bodies were Mass cremated at Puthumala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.