തലയോലപ്പറമ്പിൽ എട്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു; പരിക്കേറ്റവരിൽ എസ്.ഐയും

വൈക്കം: തലയോലപ്പറമ്പിൽ തെരുവുനായുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഉമ്മാംകുന്ന്, പഞ്ചായത്ത് ജങ്ഷൻ, കോലത്താർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെയാണ് കാൽനടക്കാർ ഉൾപ്പെടെയുള്ളവർക്ക് കടിയേറ്റത്.

ഏറ്റുമാനൂർ എസ്.ഐ മാത്യു പോൾ, തലയോലപ്പറമ്പ് കോലത്താർ പുത്തൻപുരയിൽ പി.ടി. തങ്കച്ചൻ (52), പള്ളിപ്പുറം കുമ്പളങ്ങി സ്വദേശി ജോസഫ് (36), തലയോലപ്പറമ്പ് കോലത്താർ കോലേഴത്ത് ദിവ്യ (32), ഉമ്മാംകുന്ന് മേപ്പോത്തുകുന്നേൽ വിശ്രുതൻ (54), ഉമ്മാംകുന്ന് എടത്തട്ടയിൽ റോസക്കുട്ടി ജോസ് (67), കോരിക്കൽ തൈയ്യിൽ ആനന്ദ് ടി. ദിനേശ് (26), തലയോലപ്പറമ്പ് കുഴിയന്തടത്തിൽ അജിൻ (52) എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ടി.ടി.യും റാബീസ് വാക്സിൻ ആദ്യഡോസും നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇതിൽ തങ്കച്ചൻ, ജോസഫ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. തങ്കച്ചന്‍റെ കണ്ണിന് താഴെയും ചുണ്ട്, നെറ്റി, കഴുത്ത് എന്നിവിടങ്ങളിൽ നായ് കടിച്ചുകീറിയ നിലയിലാണ്. ജോസഫിന്‍റെ മുഖത്തും വയറിനുമാണ് കടിയേറ്റത്. ഒരേ നായ് തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നിഗമനം. ഓടിപ്പോയ നായെ പിടികൂടാനായില്ല. നായ്ക്ക് പേവിഷബാധയുണ്ടോ എന്നറിയാത്തതിനാൽ തലയോലപ്പറമ്പ് നിവാസികൾ ഭീതിയിലാണ്.

തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഭാഗത്ത് സ്റ്റോറിൽ പാൽ വാങ്ങാനെത്തിയപ്പോഴാണ് ഏറ്റുമാനൂർ എസ്.ഐ മാത്യു പോളിനെ നായ് ആക്രമിച്ചത്. മാത്യുവിന്‍റെ കൈവിരലുകളിൽ കടിച്ചു. പ്രദേശവാസികളെ ഭീതിയിലാക്കി പരക്കം പാഞ്ഞ നായ് പിന്നീട് വാഹനമിടിച്ചു ചത്തു. നായുടെ മൃതദേഹം പഞ്ചായത്ത് അധികൃതർ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

തലയോലപ്പറമ്പിൽ തെരുവുനായ്ക്കൾക്ക് വെള്ളിയാഴ്ച രാവിലെ പ്രതിരോധ കുത്തിവെപ്പെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ പറഞ്ഞു.ജൂലൈ 22ന് വൈക്കം തോട്ടുവക്കം കായിപ്പുറം ഭാഗത്ത് തെരുവുനായുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.

Tags:    
News Summary - Eight people were bitten by street dogs ; SI among the injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.