തിരുവനന്തപുരം: സർക്കാർ-ഗവർണർ ഏറ്റുമുട്ടലിൽ സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത സർവകലാശാലകളുടെ എണ്ണം എട്ടായി ഉയർന്നു. മുഴുവൻ സർവകലാശാലകളിലെയും വി.സി നിയമന നടപടികൾ സ്തംഭനത്തിലാണ്. ചാൻസലറായ ഗവർണർ താൽക്കാലിക ചുമതല നൽകിയവരാണ് എട്ട് സർവകലാശാലകളുടെയും വി.സി പദവിയിലുള്ളത്. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കാർഷികം, മലയാളം, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല എന്നിവക്കാണ് മാസങ്ങളായി സ്ഥിരം വി.സിയില്ലാത്തത്. കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെ വി.സിയില്ലാത്ത സർവകലാശാലകൾ എട്ടായി. നിയമ സർവകലാശാലയായ നുവാൽസിൽ സ്ഥിരം വി.സിയില്ലെങ്കിലും ഇവിടെ ചാൻസലർ പദവിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസാണ്. കേരള സർവകലാശാലയിൽ സ്ഥിരം വി.സിയില്ലാതായിട്ട് ഒരുവർഷം പിന്നിട്ടു.
ആരോഗ്യ സർവകലാശാല വി.സി ഡോ. മോഹൻ കുന്നുമ്മലിനാണ് ഇവിടെ വി.സിയുടെ ചുമതല. സാങ്കേതിക സർവകലാശാലയിൽ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിനാണ് ചുമതല. മറ്റ് ആറ് സർവകലാശാലകളിലും സീനിയർ പ്രഫസർമാർക്കാണ് വി.സിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
സ്ഥിരം വി.സി നിയമനത്തിനുള്ള ചാൻസലറുടെ നീക്കങ്ങൾക്ക് സർവകലാശാലകളെ ഉപയോഗിച്ച് സർക്കാർ തന്നെ തടയിടുകയായിരുന്നു. ബി.ജെ.പി നോമിനികളെ വി.സി പദവിയിലെത്തിക്കാൻ രാജ്ഭവൻ കേന്ദ്രീകരിച്ച് നീക്കം നടക്കുന്ന സാഹചര്യമുണ്ടായതോടെയായിരുന്നു സർക്കാർ നീക്കം. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലെ അംഗബലം മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തി സർക്കാറിന് മേൽകൈ ലഭിക്കുന്ന രീതിയിലുള്ള ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. പിന്നാലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ബില്ലും നിയമസഭ പാസാക്കി. ഈ രണ്ട് ബില്ലുകളുൾപ്പെടെ ഏഴ് ബില്ലുകളാണ് കഴിഞ്ഞ ദിവസം ഗവർണർ രാഷ്ട്രപതിക്ക് വിട്ടത്. ഇതോടെ സെർച് കമ്മിറ്റിയുടെ ഘടന മാറ്റാനും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുമുള്ള സർക്കാർ നീക്കങ്ങൾ പ്രതിസന്ധിയിലായി. ഫലത്തിൽ ഗവർണർക്ക് തന്നെ ചാൻസലർ സ്ഥാനത്ത് ഇനിയും തുടരാനാകും.
കണ്ണൂർ വി.സിയുടെ നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധിയിൽ ചാൻസലറായ ഗവർണർക്കെതിരെ വിമർശനമുണ്ടെങ്കിലും സർവകലാശാലകളുടെ കാര്യത്തിൽ ചാൻസലർക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയത് വരുംദിവസങ്ങളിൽ പ്രയോഗതലത്തിൽ കൊണ്ടുവരാൻ ശ്രമിച്ചേക്കും. മുടങ്ങിയ വി.സി നിയമന നടപടികൾ പുനരാരംഭിക്കാനും ഗവർണറിൽനിന്ന് നീക്കമുണ്ടാകും. ഇതിനെ സർവകലാശാല സെനറ്റിനെ ഉപയോഗിച്ച് സർക്കാർ പ്രതിരോധിച്ചാൽ നടപടികൾ നിയമക്കുരുക്കിലേക്ക് നീളുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.