ഉറക്കത്തിൽ പാമ്പ് കടിയേറ്റത് അറിഞ്ഞില്ല; എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം, കൂടെ കിടന്ന മുത്തശ്ശി പാമ്പുകടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ

ചിറ്റൂർ: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന എട്ടു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി-സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമയാണ് മരിച്ചത്. പാമ്പുകടിയേറ്റ മുത്തശ്ശി റഹ്മത്ത് (61) പാലക്കാട് ജില്ല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ച 1.30ന് വണ്ണാമടയിലാണ് സംഭവം.

മൂലക്കടയിലെ വാടക വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയുടെ താമസം. ഇതിനു സമീപത്ത് പുറമ്പോക്ക് സ്ഥലത്ത് ഷീറ്റുകൊണ്ട് മേഞ്ഞ വീട്ടിലാണ് മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി മുത്തശ്ശിക്കൊപ്പമാണ് അസ്ബിയ ഉറങ്ങാൻ കിടന്നത്. ഇതിനിടെ മുത്തശ്ശി റഹ്മത്തിനെ പാമ്പു കടിച്ചു. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചു. ഈ സമയമത്രയും കുട്ടിക്ക് പാമ്പുകടിയേറ്റത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. കുട്ടി ഛർദിച്ച് അവശയായി തളർന്നുവീണതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരം അറിയുന്നത്. ഉടൻ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും നാലു മണിയോടെ മരിച്ചു.

കാൽമുട്ടിന്റെ താഴെയായാണ് കടിയേറ്റത്. കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. കുന്നങ്കാട്ടുപതി ജി.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അസ്ബിയ. സഹോദരി: അസ്മ തസ്‍ലിൻ.

Tags:    
News Summary - Eight-year-old girl died of snakebite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.