കൊച്ചി: പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫോർട്ട്കൊച്ചി കഴുത്തുമുട്ട് മംഗലത്ത് വീട്ടിൽ ജോബിയുടേതെന്ന് പൊലീസ്. പുതുവത്സര പുലരിയിൽ എളമക്കരയിലെ വീട്ടിൽ നടന്ന കവർച്ച അന്വേഷിച്ച പൊലീസ് സംഘമാണ് കൊലപാതകത്തിന്‍റെയും ചുരുളഴിച്ചത്. മോഷണകേസിന്‍റെ അന്വേഷണം തങ്ങളിലേക്കെത്താതിരിക്കാൻ കവർച്ച സംഘം കൂട്ടാളികളിലൊരാളെ കൊന്ന് കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തോപ്പുംപടി ചുള്ളിക്കൽ മദർതെരേസ ജങ്ഷൻ കൂട്ടുങ്കൽ വീട്ടിൽ ഡിനോയ് ക്രിസ്റ്റോ(24), മലപ്പുറം തിരൂർ വിഷാറത്ത് വീട്ടിൽ വി. ഹാരിസ് എന്ന സുലു(34), കണ്ണമാലി കാട്ടിപ്പറമ്പ് പട്ടാളത്ത് വീട്ടിൽ മണിലാൽ എന്ന സൂര്യ(19), കൊല്ലം പുനലൂർ വിളക്കുവട്ടം പരപ്പിൽ വീട്ടിൽ പ്രദീപ്(25) എന്നിവരാണ് എളമക്കരയിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ പിടിയിലായത്. ഇതേ കേസിലെ പ്രതി ജോബി (19) നെ കൂട്ടുപ്രതികൾ കൊന്ന് കത്തിക്കുകയായിരുന്നു.
പ്രതികളിലൊരാളായ ഡിനോയ് ക്രിസ്റ്റോയുടെ പിതൃസഹോദരെൻറ വീട്ടിലാണ് പുതുവത്സരപുലരിയിൽ സംഘം കവർച്ച നടത്തിയത്. തെൻറ വീട്ടിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പിതൃസഹോദരനും കുടുംബവും എത്തിയെന്ന് ഉറപ്പാക്കിയശേഷം എളമക്കരയിലെ അവരുടെ വീട്ടിലെത്തി ഡിനോയും സംഘവും കവർച്ച നടത്തുകയായിരുന്നു.
മോഷണം നടന്നശേഷം പൊലീസ് തെളിവെടുക്കുമ്പോൾ ഒന്നുമറിയാത്തത് പോലെ സ്ഥലത്ത് സജീവമായിരുന്നു പ്രതി ഡിനോയ് ക്രിസറ്റോ. ഡോഗ് സ്ക്വാഡിെൻറ പരിശോധനക്കിടെ, പൊലീസ് നായക്ക് എത്രമണിക്കൂർ വരെയുള്ള മണം ലഭിക്കുമെന്ന് പൊലീസുകാരനോട് ഇയാൾ ചോദിച്ചത് ഇയാളെ സംശയ നിഴലിലാക്കി. ഇതോടെ ഉദ്യോഗസ്ഥർ ഡിനോയിയെ പ്രത്യേകം നിരീക്ഷിച്ചു. തുടർന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലും സംശയങ്ങൾ ബലപ്പെട്ടു.
എന്നാൽ, അന്വേഷണം ജോബിയിലൂടെ തങ്ങളിലേക്കെത്തുമെന്നാണ് മറ്റു പ്രതികൾ സംശയിച്ചത്. കവർച്ച നടത്തുന്ന സമയത്ത് ജോബി കൈയുറ ധരിച്ചിരുന്നില്ല. ജോബിയുടെ വിരലടയാളം തിരിച്ചറിഞ്ഞാൽ എല്ലാവരും കുടുങ്ങുമെന്ന് മറ്റുപ്രതികൾ വിശ്വസിച്ചു. ജോബിയോട് സ്ഥലത്തുനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല. ഇതോടെ ജോബിയെ പുല്ലേപ്പടിയിലെ റെയിൽവേ ട്രാക്കിലെത്തിച്ച് അമിതമായി മദ്യം നൽകി. മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നപ്പോൾ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തിരിച്ചറിയാതിരിക്കാൻ കത്തിക്കുകയും ചെയ്തു. സംഭവം ബുധനാഴ്ച രാവിലെയാണ് പുറം ലോകമറിഞ്ഞത്.
ഇതിനിടെ, എളമക്കര മോഷണക്കേസിലെ അന്വേഷണം പ്രതികളിലേക്ക് എത്തിയിരുന്നു. കൊല്ലപ്പെട്ട ജോബിയടക്കമുള്ളവരെ മുമ്പ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച് വിട്ടയച്ചിരുന്നു. പ്രതികൾ ഇവരെന്ന് ഉറപ്പിച്ച് അറസ്റ്റ് ചെയ്തപ്പോൾ ജോബി എവിടെയെന്ന് മറ്റ് പ്രതികളോട് പൊലീസ് ചോദിച്ചു. ഈ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.