കൊച്ചി: ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയാറാക്കി കൊച്ചി സിറ്റി പൊലീസ്. തമിഴ്നാട് സ്വദേശി പത്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുള്ള കേസിൽ 150 സാക്ഷികളുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്.
ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിങ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിന്റെ വിചാരണക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങി. ജനുവരി രണ്ടാംവാരം ആകുമ്പോൾ പ്രതികൾ അറസ്റ്റിലായിട്ട് 90 ദിവസം തികയും. അതിനാലാണ് പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽത്തന്നെ കുറ്റപത്രം നൽകാൻ ഒരുങ്ങുന്നത്. നരബലിക്കേസിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.