elathur train fireകോഴിക്കോട്: എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി ഡൽഹി ശാഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിക്ക് വേണ്ടി അഭിഭാഷകൻ ജാമ്യാപേക്ഷ നൽകി. പ്രതിക്കായി ലീഗൽ എയ്ഡ് ഡിഫൻസ് ചീഫ് കൗൺസൽ അഡ്വ. പി. പീതാംബരനാണ് ജാമ്യാപേക്ഷ നൽകിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അപേക്ഷ 18ന് പരിഗണിക്കാനായി മാറ്റി. അന്ന് വൈകീട്ട് ആറുവരെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
അതേസമയം, ഇന്നും ചോദ്യം ചെയ്യൽ തുടർന്നു. യു.പി, മഹാരാഷ്ട്ര തീവ്രവാദ സ്ക്വാഡ് അംഗങ്ങൾ പ്രതിയെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി കാലാവധി 18ന് തീരുന്നതിനാൽ ഷൊർണൂർ, എലത്തൂർ എന്നിവിടങ്ങളിൽ പ്രതിയുമായി എത്തി ഉടൻ തെളിവെടുപ്പ് നടത്തും.
പ്രതിയെ പൊലീസിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വിടുമ്പോൾ പ്രതിയുടെ ഭാഗം കേട്ടിരുന്നില്ല. ചട്ടപ്രകാരം പൊലീസ് അറിയിച്ചതനുസരിച്ച് ഡിഫൻസ് കൗൺസൽ പ്രതിക്ക് വേണ്ടി ഹാജരാവാൻ മെമ്മോ നൽകിയെങ്കിലും പ്രതിഭാഗം കേൾക്കാതെയായിരുന്നു പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിൽ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചയുടൻ ശിക്ഷാനിയമം 302 പ്രകാരം റെയിൽവേ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ആക്രമണത്തിൽ തീവ്രവാദ സ്വഭാവവും ഭീകരബന്ധവും മറ്റാരുടെയെങ്കിലും പങ്കുമുണ്ടോയെന്ന് അന്വേഷിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനിന്റെ ഡി- വൺ കമ്പാർട്ട്മെന്റിൽ ഏപ്രിൽ രണ്ടിന് രാത്രി 9.10ഓടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ പ്രതി തീയാളിക്കത്താൻ ഇടയാക്കുന്ന ഏതോ ദ്രാവകവുമായി ആക്രമണം നടത്തിയെന്ന തലശ്ശേരി സ്വദേശിനിയുടെ മൊഴിയിൽ റെയിൽവേ പൊലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ മരണത്തെ തുടർന്ന് അന്നുതന്നെ കൊലപാതകമടക്കം പൊലീസ് കുറ്റം ചുമത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.