കോഴിക്കോട്: കേരളത്തിൽ എത്തിച്ച ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഹാജരാക്കിയത്. ട്രെയിൻ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയപ്പോൾ പ്രതിയുടെ മുഖത്തിന് പൊള്ളലേറ്റിരുന്നു. ഈ പൊള്ളൽ ഗുരുതരമാണോ എന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിക്കും.
വൈദ്യ പരിശോധന പൂർത്തിയായ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. എന്നാൽ, കോടതി ഇന്ന് അവധിയായതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ ഔദ്യോഗിക വസതിയിലാവും പ്രതിയെ ഹാജരാക്കുക. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും പൊലീസ് കോടതിയിൽ നൽകും.
കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ സി.ജെ.എം കോടതിയിൽ റെയിൽവേ പൊലീസ് നേരത്തെ സമർപ്പിച്ചിട്ടുണ്ട്. തെളിവുകളടക്കം വിവരിച്ച് രണ്ട് പട്ടികയായുള്ള മഹസറും കോടതിക്ക് കൈമാറിയിട്ടുണ്ട്.
തീവെപ്പ് കേസ് പ്രതിയും ഡൽഹി സ്വദേശിയുമായ ഷാറൂഖ് സെയ്ഫിയെ രത്നഗിരിയിൽ നിന്ന് ബുധനാഴ്ചയാണ് മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയത്. രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് അജ്മീറിലേക്ക് കടക്കാനിരിക്കെയാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ കോഴിക്കോട് എത്തിച്ച പ്രതിയെ മാലൂർക്കുന്നിലുള്ള പൊലീസ് ക്യാമ്പിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.