ചവറ: മറവിരോഗം ബാധിച്ച വയോധികയെ മർദിച്ച കേസിൽ മരുമകൾ റിമാൻഡിൽ. തേവലക്കര നടുവിലക്കര കിഴക്കേവീട്ടിൽ ജെയ്സിന്‍റെ ഭാര്യ മഞ്ജുമോൾ തോമസിനെയാണ് (37) ചവറ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇവരുടെ ഭർതൃമാതാവും പരേതനായ ബെന്യാം വൈദ്യന്‍റെ ഭാര്യയുമായ ഏലിയാമ്മ വർഗീസിന്‍റെ (80) പരാതിയിലാണ് മഞ്ജുമോൾ അറസ്റ്റിലായത്.
ഏലിയാമ്മയെ കസേരയില്‍നിന്ന് തള്ളിയിടുന്ന വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമീപത്തെ പൊതുപ്രവർത്തകരും അയൽവാസികളും ചേർന്ന് ഏലിയാമ്മ വർഗീസിനെകൊണ്ട് തെക്കുംഭാഗം പൊലീസിൽ പരാതി നൽകിക്കുകയായിരുന്നു. വിഡിയോ ദൃശ്യങ്ങൾ പൊലീസ് സൂക്ഷ്മമായി പരിശോധിക്കുകയും സമീപവാസികളിൽനിന്ന് മൊഴി ശേഖരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മഞ്ജുമോളെ കസ്റ്റഡിയിലെടുത്തു.
വൃദ്ധമാതാവിനെ നിരന്തരം മർദിച്ചിരുന്നെന്ന് വ്യക്തമായതോടെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുകയായിരുന്നു. കൊലപാതകശ്രമം, മുതിർന്ന പൗരന്മാരെ കൈയേറ്റം ചെയ്യുന്നത് തടയൽ ഉൾപ്പെടെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി.
മരുമകൾ വർഷങ്ങളായി ശാരീരികമായി ഉപദ്രവിക്കുന്നതും അസഭ്യം പറയുന്നതും ചെയ്തിരുന്നെന്ന് ഏലിയാമ്മ പൊലീസിന് മൊഴി നൽകി. പ്രതി ഭർത്താവിനുനേരെയും നിരവധിതവണ കൈയേറ്റശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അധ്യാപികയായി ജോലി ചെയ്തുവന്ന സ്വകാര്യ സ്കൂളിൽനിന്ന് മഞ്ജുമോളെ പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. തെക്കുംഭാഗം എസ്.എച്ച്.ഒ ദിനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.