തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ അവഗണിച്ച് റെഗുലേറ്ററി കമീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിക്കാനൊരുങ്ങുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം കമീഷന്‍െറ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതിന്‍െറ ഭാഗമായി വൈദ്യുതി ബോര്‍ഡിന്‍െറ ലാഭ-നഷ്ടക്കണക്കുകള്‍ റെഗുലേറ്ററി കമീഷന്‍ ഒരാഴ്ചക്കകം സ്വന്തംനിലയില്‍ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുടെ പേരില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കൊല്ലം ബോര്‍ഡ് കണക്കുകള്‍ സമര്‍പ്പിച്ചിരുന്നില്ല. അതിനെ തുടര്‍ന്നാണ് കണക്കുകള്‍ തയാറാക്കാനും ആവശ്യമെങ്കില്‍ നിരക്കില്‍ മാറ്റം വരുത്തുന്നതടക്കമുള്ള നടപടികള്‍ക്കും കമീഷന്‍ സ്വന്തംനിലയില്‍ തീരുമാനമെടുത്തത്. മൂന്ന് ബിസിനസ് സെന്‍ററുകളാക്കി വിഭജിച്ചാണ് കണക്കുകള്‍ തയാറാക്കുക.
കണക്കുതയാറാക്കല്‍ 70 ശതമാനവും പൂര്‍ത്തിയായതായി കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ബാക്കി നടപടികളും പൂര്‍ത്തിയാക്കി ഒരാഴ്ചക്കകം ഇതു പ്രഖ്യാപിക്കും. തുടര്‍ന്ന് പൊതുജനത്തില്‍നിന്ന് അഭിപ്രായങ്ങള്‍ കേട്ട ശേഷമാകും അന്തിമ തീരുമാനം. ഇക്കൊല്ലം ബോര്‍ഡിന് വലിയ നഷ്ടം കമീഷന്‍ പ്രതീക്ഷിക്കുന്നില്ല. മിച്ചമുണ്ടാകുമെന്നും കണക്കാക്കുന്നു. എന്നാല്‍, 2900 കോടിയോളം രൂപയുടെ കമ്മി ഉണ്ടെന്നാണ് ബോര്‍ഡിന്‍െറ കണക്ക്. ഇക്കൊല്ലം ബോര്‍ഡിന് മിച്ചം കണക്കാക്കിയാലും പഴയ ബാധ്യതകള്‍ കമീഷന്‍ തട്ടിക്കിഴിക്കും.
2012-13ല്‍ 2600 കോടിയുടെ അധികച്ചെലവ് ബോര്‍ഡിന് വന്നിട്ടുണ്ട്. 4820 ദശലക്ഷം യൂനിറ്റ് ജല വൈദ്യുതി മാത്രമേ അന്ന് ലഭിച്ചുള്ളൂ. 6900 ദശലക്ഷം യൂനിറ്റാണ് കിട്ടുമെന്ന് പ്രതീക്ഷിച്ചത്. 2600 കോടിയുടെ അധിക ബാധ്യത താപവൈദ്യുതി വാങ്ങാന്‍ വേണ്ടി വന്നു. വിവിധ ഘട്ടങ്ങളിലായി കമീഷന്‍ അനുവദിച്ച വൈദ്യുതി സര്‍ചാര്‍ജുകളും പിരിക്കാനുണ്ട്. ഇതുവരെയുള്ള മിച്ചം, കമ്മി, സര്‍ചാര്‍ജ് എന്നിവയെല്ലാം പരിഗണിച്ചാകും നിരക്ക് പരിഷ്കരണത്തിലെ തീരുമാനം .
നിലവിലെ വൈദ്യുതി നിരക്ക് നവംബര്‍ 14 വരെ ബാധകമാക്കി കമീഷന്‍ ഉത്തരവിറക്കിയിരുന്നു. അതിനകം ഇക്കൊല്ലത്തെ കണക്കുകള്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. പുതിയ നിരക്കും അതിനകം നിലവില്‍ വരുമെന്നും കണക്കാക്കി. എന്നാല്‍, ഇനിയും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ബോര്‍ഡ് കമ്പനിയായി മാറിയതോടെ ഉല്‍പാദനം, പ്രസരണം, വിതരണം എന്നീ സ്ട്രാറ്റജിക് ബിസിനസ് യൂനിറ്റുകളാക്കി മാറിയിട്ടുണ്ട്. മൂന്നിനും പ്രത്യേക വരവ്-ചെലവ് കണക്കുകള്‍ തയാറാക്കാനാണ് കമീഷന്‍ തീരുമാനം.
സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്‍ററിന് പ്രത്യേകമായി വരവ്-ചെലവ് കണക്കുകളും വരും. എന്നാല്‍, ഇത്തരത്തില്‍ കണക്കുകള്‍ വിഭജിക്കുന്നതിനോട് ബോര്‍ഡ് യോജിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വിഭജിക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടെങ്കിലും ബോര്‍ഡ് തയാറായില്ല. ഒറ്റക്കമ്പനി എന്നനിലയിലാണ് കണക്ക് സമര്‍പ്പിച്ചത്. അതില്‍ തീരുമാനമാകാത്തതിനാല്‍ ഇക്കൊല്ലം കണക്ക് നല്‍കിയതുമില്ല. സ്വന്തംനിലയില്‍ കമീഷന്‍ നടപടികളിലേക്ക് പോയപ്പോള്‍ അതു തള്ളി വലിയ കമ്മി വരുമെന്ന് വിശദീകരണം ബോര്‍ഡ് നല്‍കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.