ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷന്; വിമർശനവുമായി സി.പി.ഐ മുഖപത്രം

കോഴിക്കോട്: ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും എതിരെ സിപി.ഐ മുഖപത്രം. ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ടവോട്ട് വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന് ഇടപെടാനാവില്ല. വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പിന് സജ്ജീകരിക്കുക എന്ന കര്‍ത്തവ്യത്തിനാണ് വര്‍ത്തമാനങ്ങളേക്കാള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം നല്‍കേണ്ടത്. ഇരട്ടവോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായൊന്നുമല്ലെന്നും എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പാകപ്പിഴകൾ കണ്ടെത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിലപാട് അൽപ്പത്തമാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

ആക്ഷേപം ഉന്നയിക്കാന്‍ സമയം അനുവദിച്ചപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉറങ്ങുകയായിരുന്നോ എന്നുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ ചോദ്യം പ്രതിപക്ഷ നേതാവിനോടാണെങ്കില്‍ പോലും പാടില്ലാത്തതാണ്. 140 മണ്ഡലങ്ങളിലും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഇപ്പോഴാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ വരണാധികാരികളായ കലക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവായാലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായാലും മത്സരിച്ച് വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി ജനാധിപത്യപ്രക്രിയയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം തന്നെ മുന്നോട്ടു കൊണ്ടു പോകാന്‍ തയാറാവണമെന്നും മുഖപത്രം പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാവുമോ എന്നാണ് കേന്ദ്ര സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ബി.ജെ.പി ആലോചിക്കുന്നത്. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് നിരന്തരം നടത്തുന്ന വോട്ടര്‍പട്ടിക വിവാദം കേന്ദ്ര ഭരണക്കാര്‍ക്കുള്ള അന്നമായിട്ടേ കരുതാനാകൂ. നിയമനിര്‍മാണ സഭകളിലേക്കും പ്രാദേശിക സര്‍ക്കാരുകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി.ജെ.പി അജണ്ട യാഥാർഥ്യമാക്കുന്നതിലേക്കുള്ള എളുപ്പ മാര്‍ഗവുമായി മാറും. പ്രതിപക്ഷ നേതാവ് വിഷയം കൈകാര്യം ചെയ്യുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാണ്.

സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും മുന്നില്‍ ബോധ്യപ്പെടുത്താനുള്ള തെരുവു സര്‍ക്കസായിട്ടേ പ്രതിപക്ഷ നേതാവിന്‍റെ പത്രസമ്മേളനങ്ങളെ കാണാനാകൂവെന്നും മുഖപ്രസംഗം പറയുന്നു.

Tags:    
News Summary - Election Commission responsible for double vote; CPI front page with criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.