തിരുവനന്തപുരം: വൈകല്യമുള്ളവർക്ക് സർക്കാർ സൗജന്യമായി ഇലക്ട്രിക് വീൽചെയർ കൊടുക്കുന്നു എന്ന ഒരു സന്ദേശമാണ് ഇപ്പോൾ വാട്സാപ് ഗ്രൂപ്പുകളിൽ നിരവധി പേർ ഫോർവേഡ് ചെയ്യുന്ന ട്രെൻഡിങ് മെസേജ്. ഗ്രൂപ്പായ ഗ്രൂപ്പുകളിലെല്ലാം സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന്‍റ വെബ്‌സൈറ്റ് ലിങ്ക് സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്.
എന്നാൽ, ഇത് വ്യാജമാണെന്നും മൂന്നുവർഷം പഴക്കമുള്ള വാർത്ത ചിലർ കുത്തിപ്പൊക്കിയതാണെന്നും അറിയിച്ച് പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് വികലാംഗ ക്ഷേമ കോർപറേഷൻ. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ലെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
''നടക്കാൻ സാധിക്കാത്ത ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഗവണ്മെന്‍റ് അവർക്ക് സൗജന്യമായി ഇലക്ട്രിക് വീൽ ചെയർ കൊടുക്കുന്നുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 5 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും താഴെയുള്ള ലിങ്കിൽ ക്ലിക്കുക. http://www.hpwc.kerala.gov.in/'' എന്നാണ് വ്യാജ സന്ദേശത്തിന്‍റെ പൂർണ രൂപം.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ 2018 ൽ ഇല്കട്രോണിക് വീൽചെയറിന് അപേക്ഷ ക്ഷണിച്ചപ്പോൾ പത്രത്തിൽ കൊടുത്തിരുന്ന വാർത്തയാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യമായി പ്രചരിപ്പിക്കുന്നത്. 2020-21, 2021-22 സാമ്പത്തിക വർഷത്തിൽ ശുഭയാത്ര പദ്ധതി വഴി ഇലക്‌ട്രോണിക് വീൽചെയറിനായുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടില്ല. പുതുതായി അപേക്ഷ ക്ഷണിച്ചാൽ പത്ര മാധ്യമങ്ങൾ വഴിയും വികലാംഗ ക്ഷേമ കോർപ്പറേഷന്‍റെ വെബ്‌സൈറ്റ് വഴിയും അറിയിക്കുമെന്ന് വികലാംഗ ക്ഷേമ കോർപറേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.