കൊച്ചി: 25 ലക്ഷം രൂപക്കുമേൽ വൈദ്യുതി കുടിശ്ശികയുള്ളവയുടെ ഗണത്തിലുള്ളത് 463 സ്ഥാപനങ്ങൾ. ഇവയെല്ലാം ചേർന്ന് നൽകാനുള്ളത് 809.35 കോടി രൂപ. പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് കിട്ടാനുള്ളത് 107.34 കോടി. കുടിശ്ശികയിലേറെയും വൻകിട, ഇടത്തരം വ്യവസായശാലകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, സ്വകാര്യസ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവയുടേതാണ്.
2016 ജൂൺ ഒന്നുമുതൽ 2021 ഫെബ്രുവരി വരെയുള്ള കണക്കാണിത്. 25 ലക്ഷത്തിൽ താഴെ കുടിശ്ശികയുള്ളവരുടെ കണക്കുകൾ ചേർത്താൽ എണ്ണം രണ്ടിരട്ടിയിലേറെയാവും. 463 കുടിശ്ശികക്കാരുടെ പട്ടികയിൽ 163 എണ്ണം വാട്ടർ അതോറിറ്റി ഓഫിസുകളാണ്. ആലുവ സെക്ഷെൻറ മാത്രം 41.52 കോടിയും അരുവിക്കരയുടേത് 17.71 കോടിയും വരും. പട്ടികയിെല പകുതിയിലേറെയും നിയമവഴിയിൽ ഇടക്കാല ഉത്തരവുകൾ സമ്പാദിച്ചവരാണ്. ഈ സാഹചര്യത്തിൽ കുടിശ്ശിക പിരിച്ചെടുക്കാൻ തടസ്സങ്ങളുണ്ടെന്നാണ് വൈദ്യുതി ബോർഡ് വിശദീകരണം. എന്നാൽ, നിയമനടപടി തീർക്കാനുള്ള ശ്രമം ഇല്ലെന്നു മാത്രമല്ല, മറ്റ് കുടിശ്ശികക്കാരിൽനിന്ന് തുക ഈടാക്കാനുള്ള നടപടികളുമില്ല.
ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ഉപേഭാക്താവിന് നൽകുന്ന ബില്ലിൽ പണമടക്കാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നുണ്ട്. അതിനാൽ, അനുവദിച്ച അവസാനദിവസവും പണം അടക്കാത്തപക്ഷം മറ്റൊരു നോട്ടീസില്ലാതെ വൈദ്യുതി വിച്ഛേദിക്കാം. എന്നാൽ, സാധാരണക്കാരുടെ കാര്യത്തിൽ മാത്രമാണ് ഇത് നടപ്പാക്കുന്നത്.
47.85 കോടി നൽകാനുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറാണ് കുടിശ്ശികക്കാരിൽ മുമ്പൻ. 10 കോടിയിലേറെ കുടിശ്ശികയുള്ളവരുടെ പട്ടികയിൽ ബന്നാരിയമ്മൻ സ്റ്റീൽസ് (13.75), എ.പി സ്റ്റീൽ റീറോളിങ് മിൽസ് (11.39), സുഇൗറാ അലോയ്സ് (10.5), ബിനാനി സിങ്ക് ലിമിറ്റഡ് (10.05) സ്വകാര്യ കമ്പനികളും മുന്നിലാണ്. എസ്.വി.എ സ്റ്റീൽ റീ റോളിങ് മിൽസിെൻറ കുടിശ്ശിക 993. 26 ലക്ഷമാണ്. സ്വകാര്യമേഖലയിൽ ഏറ്റവുമധികം കുടിശ്ശിക വരുത്തിയത് സ്റ്റീൽ ഇരുമ്പുരുക്ക് കമ്പനികളാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എം.ടിയും പട്ടികയിലുണ്ട്.
എറണാകുളം താജ്, അവന്യൂ റീജൻറ്, റമദ, മെഴ്സി, റിനൈസൻസ്, കോവളം റിസോർട്സ്, ഗ്രീഷ്മം റിസോർട്സ്, സോമതീരം റിസോർട്സ് തുടങ്ങിയവയും നെടുമ്പാശ്ശേരി സാജ് ഫ്ലൈറ്റ് സർവിസസ്, അഡ്ലക്സ് എക്സിബിഷൻ സെൻറർ, ചലച്ചിത്ര വികസന കോർപറേഷൻ, ഫറോക്ക് െഎ.ഒ.സി പ്ലാൻറ്, തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂർ, എമിനൻസ് മാൾ, പാലക്കാട് ജോബിസ് മാൾ, കാപ്പിറ്റൽ മാൾ, ഹൈലൈറ്റ് മാൾ, ശാന്തിഗിരി ആശ്രമം, ഡിവൈൻ (ഇംഗ്ലീഷ്) റിക്രീറ്റ് സെൻറർ തുടങ്ങിയവ 25 ലക്ഷത്തിനുമേൽ വൈദ്യുതി കുടിശ്ശികയുള്ളവയുടെ പട്ടികയിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.