വൈദ്യുതി കണക്ഷന്‍ അപേക്ഷ ഓണ്‍ലൈനില്‍; മൊബൈല്‍ ആപ് വഴി പണം അടക്കാം

തിരുവനന്തപുരം: പുതിയ കണക്ഷന് ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് സംവിധാനം. പോസ്റ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക-ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അപേക്ഷഫീസിനൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍വിസ് കണക്ഷന് വേണ്ട ചെലവും ഇങ്ങനെ അടക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ടും അപേക്ഷകന്‍െറ ഫോട്ടോയും മറ്റു രേഖകളും കണക്ഷന്‍ നല്‍കാന്‍ വരുന്ന ഉദ്യോഗസ്ഥന്‍െറ കൈവശം ഏല്‍പിച്ചാല്‍ മതി. പോസ്റ്റ് ആവശ്യമുള്ള കണക്ഷനും അപേക്ഷഫീസ് ഓണ്‍ലൈനായി അടക്കാം. എന്നാല്‍, സ്ഥലപരിശോധനക്കുശേഷം ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും അറിയിച്ചതിനുശേഷമേ  സെക്യൂരിറ്റി ഡെപ്പോസിറ്റും മറ്റുചെലവുകളും ഇങ്ങനെ അടക്കാന്‍ സാധിക്കൂവെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചു. ഇതടക്കം പുതിയ പദ്ധതികളുടെ പ്രഖ്യാപനം ബുധനാഴ്ച മന്ത്രി എം.എം. മണി ബോര്‍ഡ് ആസ്ഥാനത്ത് നടത്തും.
പേ.ടി.എം (പേ ത്രൂ മൊബൈല്‍)എന്ന ഇ-വാലറ്റ് സംവിധാനം വഴി വൈദ്യുതിബില്ലുകള്‍ അടയ്ക്കാം.

അപ്നാ സി.എം.സി (കോമണ്‍ സര്‍വിസ് സെന്‍റര്‍ സ്കീം)എന്ന ദേശീയ പൊതുസേവനകേന്ദ്രവും സംസ്ഥാനത്തെ അക്ഷയകേന്ദ്രവുമായി യോജിച്ച് വൈദ്യുതിബോര്‍ഡിന്‍െറ വിനിമയ സമന്വയം സാധ്യമാക്കും. ഇത് നിലവില്‍ വരുന്നതോടെ അക്ഷയ സെന്‍റര്‍ വഴി പണമടയ്ക്കുന്നത് ഉടന്‍ തന്നെ കെ.എസ്.ഇ.ബിയില്‍ വരവുവെക്കാനാകും.

കെ.എസ്.ഇ.ബി വികസിപ്പിച്ച ‘സ്മാര്‍ട്ട്’(സേഫ്റ്റി മോണിറ്ററിങ് ആന്‍ഡ് ആക്സിഡന്‍റ് റിപ്പോര്‍ട്ടിങ് ടൂള്‍) എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ജോലിസുരക്ഷയും വൈദ്യുതി അപകടങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകും. സുരക്ഷഉപകരണങ്ങളുടെ ലഭ്യതയും അവസ്ഥയും വിലയിരുത്തി തുടര്‍നടപടിക്കും അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്യാനും സംവിധാനമുണ്ടാകും.

ജീവനക്കാര്‍ക്ക് വേണ്ടി ഒരുമ നെറ്റ് മൊബൈല്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാക്കും. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസിന് പുറത്തും ജോലിക്ക് മേല്‍നോട്ടം വഹിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും മൊബൈല്‍ ആപ് വഴി ഒൗദ്യോഗികകാര്യം നിര്‍വഹിക്കാന്‍ സാധിക്കും. കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ വിവരങ്ങള്‍ അറിയാനും ഇത് സഹായിക്കും.

ബോര്‍ഡിന്‍െറ പ്രവര്‍ത്തനത്തെക്കുറിച്ച് സി.എം.ഡി യുടെ നിരീക്ഷണങ്ങളും മെച്ചപ്പെട്ട കാര്യനിര്‍വഹണത്തിനുവേണ്ടിയുള്ള നിര്‍ദേശങ്ങളും നേരിട്ട് ഉദ്യോഗസ്ഥതലത്തിലത്തെിക്കാന്‍ ലക്ഷ്യമിട്ട് ‘ഇ-ലെറ്റര്‍’ എന്ന പുതിയ ആശയവിനിമയ സംവിധാനവും ബോര്‍ഡ് തയാറാക്കും. വൈദ്യുതിമന്ത്രി ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജീവനക്കാരോട് സംവദിക്കും. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി വൈദ്യുതിഭവന്‍ സന്ദര്‍ശിക്കുന്ന മന്ത്രിക്ക് ജീവനക്കാരുടെ സംഘടനകള്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.

 

Tags:    
News Summary - electricity connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.