വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവായി; 201-250 യൂണിറ്റ് വരെ 20 രൂപയുടെ വർധന, 40 യൂണിറ്റ് വരെ നിരക്ക് വർധനവില്ല

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയിലൂടെ ഒരുവർഷത്തിനിടയിൽ കെ.എസ്.ഇ.ബി സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 1044 കോടിയുടെ അധിക വരുമാനം. പ്രതിമാസം 150 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 122 രൂപയുടെ വര്‍ധനയാണ് ഉണ്ടാകുക. നിലവില്‍ പ്രതിമാസം 150 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ 605 രൂപയാണ് എനര്‍ജി ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടത്. എന്നാല്‍, പുതിയ വര്‍ധനയോടെ ഇത് 728 രൂപയോളമാകും. അതായത് രണ്ടുമാസം കൂടുമ്പോള്‍ വരുന്ന ഒരു വൈദ്യുതി ബില്ലില്‍ എനര്‍ജി ചാര്‍ജിന് മാത്രം 244 രൂപയുടെ വര്‍ധനയുണ്ടാകും. ഇതിനു പുറമെ രണ്ടുമാസത്തെ ഫിക്‌സഡ് ചാര്‍ജായ 170 രൂപയും നിലവില്‍ ഈടാക്കുന്ന സര്‍ചാര്‍ജും നല്‍കണം.

50 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍നിന്ന് അധികമായി അഞ്ചു പൈസ നല്‍കണം. നിലവില്‍ 35 പൈസയാണ് നിരക്ക്. അത് 40 പൈസയായി ഉയരും. 100 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനാഥാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക്​ എനര്‍ജി നിരക്ക് വര്‍ധന ഇല്ലെങ്കിലും ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിച്ചു. 10 രൂപയാണ് വര്‍ധിപ്പിച്ചത്. വാട്ടര്‍ അതോറിറ്റി, കേന്ദ്ര സംസ്ഥാന സര്‍ക്കാർ ഓഫിസുകള്‍ക്ക് 15 രൂപയും ഫികസ്ഡ് ചാര്‍ജ് വര്‍ധിപ്പിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ താരിഫ് 1.5 ശതമാനം മുതല്‍ 3 ശതമാനമായി നിജപ്പെടുത്തി

കൃഷി ആവശ്യത്തിനായി വെള്ളം പമ്പ് ചെയ്യുന്നവര്‍, കോഴി, അലങ്കാര മത്സ്യം വളര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് അഞ്ചു രൂപ ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. എനര്‍ജി ചാര്‍ജ് വര്‍ധനയില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിംഗിള്‍ ഫേസിന് 5 രൂപയും ത്രീ ഫേസിന് 10 രൂപയും ഫിക്‌സഡ് ചാര്‍ജ് കൂട്ടി. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ലാബുകള്‍ എന്നിവക്ക്​ പത്തുരൂപയാണ് ഫിക്‌സഡ് ചാര്‍ജ് കൂട്ടിയത്. ത്രീ ഫേസിന് 15 രൂപയും കൂട്ടി. വാണിജ്യ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവക്കും 10 മുതല്‍ 15 രൂപവരെ ഫിക്​സഡ് ചാര്‍ജ് കൂട്ടിയിട്ടുണ്ട്. പെട്ടിക്കടകള്‍, തട്ടുകള്‍ തുടങ്ങിയ എന്നിവക്കും ഫിക്‌സഡ് ചാര്‍ജ് പത്തുരൂപ കൂട്ടിയിട്ടുണ്ട്.

2023-24 ല്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് 40.6 പൈസ യൂനിറ്റിന് വര്‍ധിപ്പിക്കണമെന്നായിരുന്നു. എന്നാല്‍, റെഗുലേറ്ററി കമീഷന്‍ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. 2023 മുതല്‍ 2026-27 വരെയുള്ള നാലു വര്‍ഷക്കാലയളവിലേക്ക് എല്ലാ വര്‍ഷവും നിരക്ക് വര്‍ധന ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തിയാല്‍ മതിയെന്നായിരുന്നു കമീഷന്‍റെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം നവംബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാക്കിയത്.

പ്രതിമാസം ഗാര്‍ഹിക ഉപഭോക്താക്കള്‍ അധികം നല്‍കേണ്ട തുക

*50 യൂനിറ്റ് വരെ - 10 രൂപ

*51 മുതല്‍ 100 വരെ - 20 രൂപ

*101 മുതല്‍ 150 വരെ - 33 രൂപ

*151 മുതല്‍ 200 വരെ - 48 രൂപ

*201 മുതല്‍ 250 വരെ - 58 രൂപ

*300 യൂനിറ്റ് വരെ - 90 രൂപ

*350 യൂനിറ്റ് വരെ - 123 രൂപ

*400 യൂനിറ്റ് വരെ - 135 രൂപ

*500 യൂനിറ്റ് വരെ - 185 രൂപ

*550 യൂനിറ്റിന്​ മുകളില്‍ - 200 രൂപ

ഫിക്‌സഡ് ചാര്‍ജ്

(സിംഗിള്‍ ഫേസ്, ത്രീ ഫേസ് എന്ന ക്രമത്തില്‍ (ബ്രാക്കറ്റില്‍ പഴയ നിരക്ക്)

*50 യൂനിറ്റ് വരെ - 40 രൂപ (35) - 100 (90)

* 51 മുതല്‍ 100 വരെ - 65 (55) - 140 (120)

*101 മുതല്‍ 150 വരെ - 85 (70) - 170 (150)

*151 മുതല്‍ 200 വരെ - 120 (100) - 180 (160)

* 201 മുതല്‍ 250 വരെ - 130 (130) - 200 (175)

* 300 യൂനിറ്റ് വരെ - 150 (130) - 205 (175)

* 350 യൂനിറ്റ് വരെ - 175 (150) - 210 (175)

*400 യൂനിറ്റ് വരെ - 200 (175) - 210 (175)

*500 യൂനിറ്റ് വരെ - 230 (200) - 235 (200)

* 550 യൂനിറ്റിന്​ മുകളില്‍ - 260 (225) - 260 (225)

Tags:    
News Summary - Electricity rate hike ordered; Up to 20 paise increase per unit, no rate increase up to 40 units

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.