തൊടുപുഴ: അടുത്തകാലം വരെ ശാന്തനായി കണ്ടുവന്നിരുന്ന കാട്ടുകൊമ്പൻ പടയപ്പ ദിവസം കഴിയുന്തോറും കൂടുതൽ പ്രശ്നക്കാരനായി മാറുന്നു. പട്ടാപകൽ പോലും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്ന പടയപ്പ നാട്ടുകാർക്ക് വലിയ ശല്യമായിരിക്കുകയാണ്.
അരിക്കൊമ്പനെ പോലെ ഈ കൊമ്പനെയും കാടുകടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കോവിഡ് കാലത്ത് മൂന്നാർ നിശ്ചലമായതോടെയാണ് കാടുകയറാൻ കൂട്ടാക്കാതെ ഭക്ഷണം തേടി പടയപ്പ ജനവാസമേഖലയിൽ തമ്പടിക്കുന്നത്.
ഭക്ഷണത്തിനായി കാടിറങ്ങുമെങ്കിലും ആരെയും ദേഹോപദ്രവം ഏൽപ്പിക്കാത്തതിനാൽ പടയപ്പക്ക് നല്ല പേരായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിലേറെയായി അക്രമാസക്തനാകുന്നത് പതിവാണ്. തുടർന്ന് കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കാട്ടിലേക്ക് തുരത്താനും വനംവകുപ്പിന്റെ എട്ടംഗങ്ങളുള്ള പ്രത്യേക സംഘത്തെ നിയോഗിക്കേണ്ടി വന്നു. മൂന്നാർ നിവാസികൾക്ക് സുപരിചിതനായ പടയപ്പ പാതയോരങ്ങളിലും ജലാശയത്തിന് സമീപങ്ങളിലുമൊക്കെ ഇറങ്ങുന്നത് പതിവാണ്. മാട്ടുപ്പെട്ടി, എക്കോ പോയന്റ്, പാലാർ എന്നിവിടങ്ങളിലും മൂന്നാറിലെ വിവിധ എസ്റ്റേറ്റ് മേഖലകളിലുമെല്ലാം ഈ ആനയെ കാണാം.
പട്ടാപ്പകൽ നടുറോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തുന്നതും കടകളും റേഷൻകടയും ആക്രമിക്കുന്നതും അടുത്തിടെ പതിവാണ്.
ജനവാസമേഖലയിൽ കാട്ടുകൊമ്പനെത്തിയാൽ പ്രത്യേക സംഘം ഇവയെ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്തി വിടാറാണ് പതിവ്.
മൂന്നാർ എക്കോ പോയന്റിലാണ് കഴിഞ്ഞ ദിവസം പടയപ്പ എത്തിയത്. പ്രദേശത്തെ താൽക്കാലിക കടകൾ തകർത്ത് സാധനങ്ങൾ തിന്നുതീർത്തു. മാട്ടുപ്പെട്ടി സ്വദേശികളായ ലക്ഷ്മണൻ, തോമസ്, ഗോവിന്ദൻ, പരമൻ എന്നിവരുടെ കടകളാണ് പടയപ്പ തകർത്തത്. വിൽപ്പനക്കായി വെച്ച ചോളം, പൈനാപ്പിൾ, മറ്റ് പഴങ്ങൾ എന്നിവ അകത്താക്കി. വിരട്ടാൻ ശ്രമിച്ചപ്പോൾ പ്രകോപിതനാകുകയും ഏറെനേരം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഉൾവനത്തിലടക്കം വേനൽ കടുത്തതോടെയാണ് കാട്ടാനകൾ കൂട്ടമായി തോട്ടം മേഖലയിലേക്ക് തീറ്റ തേടിയെത്തിയിരിക്കുന്നത്.
തലയെടുപ്പിലും നടപ്പിലുമെല്ലാം രജനികാന്ത് സ്റ്റൈലാണ് പടയപ്പക്കെന്നാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ പറയുന്നത്. അതുകൊണ്ട് തന്നെ ‘പടയപ്പ’ എന്ന പേരും വീണു. അഴകൊത്ത് നീണ്ടുവളഞ്ഞ കൂർത്ത കൊമ്പുകളാണ് പടയപ്പയുടേത്. പുൽമേടുകളിൽ കന്നുകാലികൾക്കൊപ്പം മേയാൻ കൂടുന്നതും കന്നിമല മൈതാനത്ത് ഫുട്ബാൾ കളിക്കാർക്ക് ഇടയിലേക്ക് അപ്രതീക്ഷിതമായി എത്തി കുറുമ്പുകാട്ടുന്നതും ഇവനെ ജനപ്രിയനാക്കി. പ്രായാധിക്യം മൂലമുള്ള വിഷമതകൾക്ക് പുറമെ ഉപ്പുള്ളതും രുചിയുള്ളതുമായ ഭക്ഷണ സാധനങ്ങൾ തേടിയാണ് ജനവാസമേഖലകളിൽ തന്നെ പടയപ്പ തമ്പടിക്കുന്നെതന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.